
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു.നിയമസഭാ നടപടികള്‍ അനിശ്ചിതമായി തടസ്സപ്പെടുത്താന്‍ യു.ഡി.എഫിന് ആഗ്രഹമില്ലെന്നും സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തുറന്നുകാട്ടാനുള്ള പ്രതിപക്ഷത്തിന്റെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി.
സ്വാശ്രയ വിഷയത്തില്‍ യു ഡി എഫ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല,അതുകൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ക്ക് സഭയില്‍ ബഹളം വയ്‌ക്കേണ്ടി വരുന്നതും എം എൽ എ മാർക്ക് പുറത്ത് നിരാഹാര സമരം അനുഷ്ഠിക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. പ്രശ്‌നത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍, അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.കൂടാതെ പരിയാരം മെഡിക്കല്‍ കോളേജില്‍ എന്നും കുറഞ്ഞ ഫീസാണ് വാങ്ങിയിരുന്നത്. ഇതിനെ എൽ ഡി എഫ് സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ലെന്നും സ്വാശ്രയ പ്രശ്‌നത്തില്‍ ഇനിയുള്ള നടപടികൾ യു.ഡി.എഫ് യോഗത്തില്‍ ആലോചിച്ച ശേഷം കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു.
Post Your Comments