മൂന്നാര്‍ : സംസ്ഥാനത്ത് എല്ലാവരേയും ഞെട്ടിച്ച് നരബലിയെന്ന് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ആദിവാസി ഗ്രാമമായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിരിയ്ക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടമലക്കുടിയില്‍ മൂന്നു മാസം മുന്‍പ് സന്ദര്‍ശനം നടത്തിയ മനുഷ്യാവകാശ സംഘടന ആദിവാസി കുടികളില്‍ നരബലി നടക്കുന്നുണ്ടെന്നും എട്ടു മാസത്തിനിടെ ദേവപ്രീതിക്കും ദോഷം മാറുവാനുമായി മൂന്നു കുട്ടികളെ ബലി നല്‍കിയെന്നും കാണിച്ചു ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു.
ദേശീയ ബാലാവകാശ കമ്മിഷന്‍ കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടക്കുന്നത്.
എന്നാല്‍ ഇടമലക്കുടിയില്‍ ഇത്തരത്തില്‍ നരബലി നടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം.
പരാതിയുടെ നിജസ്ഥിതിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇടമലക്കുടിക്കു സമീപമുള്ള കാട്ടുവഴിയിലൂടെ കഞ്ചാവും ചന്ദനവും കടത്തുന്നവരുടെ പ്രചാരണമാണിതെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. നരബലി നടക്കുന്ന സ്ഥലമാണെന്നു പ്രചരിപ്പിച്ച് കാട്ടുവഴി വിജനമാക്കാനുള്ള തന്ത്രമാണിതെന്നാണു നിഗമനം.
മുന്‍പും ഇത്തരത്തില്‍ പ്രചാരണമുയര്‍ന്നപ്പോള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments