ഇന്തോ-പാക് അതിര്‍ത്തിരേഖ ഇരുരാജ്യങ്ങളിലേയും സൈനികര്‍ ഇടയ്ക്കിടെ അബദ്ധത്തില്‍ മുറിച്ചുകടക്കാറുണ്ടെന്നും, അത്തരം സംഭവങ്ങളിലൂടെ തടവില്‍ പിടിക്കപ്പെടുന്ന സൈനികരെ മോചിപ്പിക്കാന്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നിലവിലുണ്ടെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തലത്തിലുള്ള സംവിധാനമാണ് ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും നിലവിലുള്ളത്.
“നമ്മുടെ ഒരു സൈനികന്‍ അതിര്‍ത്തി മുറിച്ചു കടന്നു. ഇത് അതിര്‍ത്തിപ്രദേശത്ത് മിക്കപ്പോഴും സംഭവിക്കാറുള്ളതാണ്. ഡിജിഎംഒ തലത്തില്‍ ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി മികച്ച ഒരു സംവിധാനം നിലവിലുണ്ട്. ആ സംവിധാനം ഉപയോഗിച്ചുള്ള നീക്കങ്ങള്‍ നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു,” പരീക്കര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 30-നാണ് 37-രാഷ്ട്രീയ റൈഫിള്‍സിലെ കരസേനാഭടന്‍ ചന്ദു ബാബുലാല്‍ ചവാന്‍ അബദ്ധത്തില്‍ ലൈന്‍-ഓഫ്-കണ്‍ട്രോള്‍ (എല്‍.ഒ.സി) മുറിച്ചുകടന്ന്‍ പാക്-അധീന-കാശ്മീരില്‍ പ്രവേശിച്ചത്. ഇതേത്തുടര്‍ന്ന്‍ ചവാനെ തങ്ങള്‍ തടവിലാക്കിയ കാര്യം ഡിജിഎംഒ ഹോട്ട്ലൈന്‍ വഴിതന്നെയാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചത്.
ഇത്തരം മുറിച്ചുകടക്കല്‍ സംഭവങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സര്‍വ്വസാധാരണമാണെന്നും, ഇങ്ങനെ പിടിക്കപ്പെടുന്ന സൈനികരെ നിലവിലുള്ള സംവിധാനം വഴി തിരികെ വിട്ടുകിട്ടാറുണ്ടെന്നും സൈന്യവും പ്രതികരിച്ചു.
Post Your Comments