മരണാനന്തര ജീവിതം യാഥാര്‍ത്ഥ്യമെങ്കില്‍ ആത്മനിന്ദകൊണ്ട് ഉരുകുന്ന മനസുമായിട്ടായിരിക്കും ഗാന്ധിജി നമ്മോടൊപ്പമുണ്ടാകുക
അഞ്ജു പ്രഭീഷ്
“ഈ ഭൂമുഖത്ത് ഇതുപോലൊരു മനുഷ്യന്‍ രക്തമാംസാദികളോടെ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ വരും തലമുറ തയ്യാറായില്ലെന്നുവരും.” രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ നടത്തിയ പരാമര്‍ശം എത്രത്തോളം സാര്‍ത്ഥകമെന്നത് വര്‍ത്തമാനകാലസംഭവവികാസങ്ങള്‍ തെളിയിച്ചുക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇതാ മറ്റൊരു ഗാന്ധിജയന്തിയും രാജ്യാന്തര അഹിംസാദിനവും കടന്നുവരികയായി..അന്നും ഇന്നും എന്നും ഗാന്ധിജിയെന്ന അര്‍ദ്ധനഗ്നനായ ഫക്കീര്‍ ലോകജനതയ്ക്ക് ഒരത്ഭുത പ്രതിഭാസവും മഹത്വത്തിന്റെ അവസാനവാക്കുമാണ്. അശോകനും ബുദ്ധനും ശങ്കരാചാര്യനും മറ്റും അഗ്നി പകര്‍ന്ന മണ്ണില്‍ ജ്വലിക്കുന്ന ശക്തിയായി തീര്‍ന്ന വ്യക്തിയാണു ഗാന്ധിജി.അങ്ങനെയുള്ള ഗാന്ധിജിക്കും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്കും എത്രമേല്‍ പ്രാധാന്യം പുതുതലമുറ കല്പ്പിക്കുന്നുണ്ട്?? ഗാന്ധിയന്‍ ദര്‍ശനങ്ങളെയും ഗാന്ധിയന്‍ സിദ്ധാന്തങ്ങളെയും ആ സമരപ്രസ്ഥാനത്തെ പോലും വ്യഭിചരിച്ചു. പോക്കറ്റിനുള്ളില്‍ ഗാന്ധിജിയുടെ തല മാത്രം വീര്‍പ്പിക്കാനുള്ള കുറുക്കുതന്ത്രമായി മാറ്റപ്പെട്ടപ്പോള്‍ നഷ്ടമായത് നമ്മളില്‍ ഉള്ള യഥാര്‍ത്ഥ രാഷ്ട്രീയ അവബോധമല്ലേ ??മരണാനന്തര ജീവിതം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഇന്ന് താന്‍ രക്തവും മാംസവുംക്കൊണ്ട് പോറ്റിവളര്‍ത്തിയ ആ രാഷ്ട്രീയപാര്‍ട്ടിയുടെ അപചയത്തില്‍ ആത്മനിന്ദകൊണ്ട് ഉരുകുകയായിരിക്കും ഗാന്ധിജി..തീര്‍ച്ച…
ഇന്ന് ഭാരതീയസമൂഹത്തില്‍,ഗാന്ധിജി വെറുമൊരു ബിംബമാണ്..പലതരം അരാജകത്വത്തിന്റെയും വെറുമൊരു മറമാത്രമായി ഗാന്ധിജിയെ അവരോധിച്ചത് സാധാരണജനങ്ങളല്ല തന്നെ.ഇന്നും സാധാരണജനങ്ങളുടെ ഹൃദയമാകുന്ന ശ്രീകോവിലില്‍ ഗാന്ധിജിയെന്ന ദുര്‍ബലനായ മനുഷ്യന് സ്ഥാനമുണ്ട്..ഗാന്ധിജിയുടെ നാമം യാതൊരു ഉളുപ്പുമില്ലാതെ സ്വീകരിച്ചുക്കൊണ്ട് ഇന്ത്യയെയും അതിന്റെ ഈടുവയ്പ്പുകളെയും സ്വയം ശീര്‍ഷകത്വത്തെയും പാശ്ചാത്യ മൂലധന ശക്തികള്‍ക്കും സൈനിക ശക്തികള്‍ക്കും അടിയറ വച്ച നെഹൃപരമ്പരയാണ് ഗാന്ധിജിയെ കച്ചവടബിംബമാക്കി മാറ്റാന്‍ മുന്നില്‍ നിന്നത്.ഗാന്ധിയന്‍ ആദര്‍ശങ്ങളെ പോലും ആധുനിക രാഷ്ട്രീയചാണക്യന്‍മാര്‍ ബിംബവല്‍ക്കരിച്ചുക്കളഞ്ഞു..സത്യാഗ്രഹമെന്നത് സത്യത്തെയും ധര്‍മ്മത്തെയും മുന്‍നിറുത്തികൊണ്ടൊരു ജീവിതവ്രതവും സമര പാതയുമായിരുന്നു ഗാന്ധിജിക്കെങ്കില്‍ ആധുനിക ഗാന്ധിയന്‍ക്കുപ്പായക്കാര്‍ക്ക് സത്യവും ധര്‍മ്മവും ത്യജിച്ചുക്കൊണ്ടുള്ള അധോലോക -അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനുള്ള വെറുമൊരു ഖദര്‍കഷണം മാത്രമല്ലേ ??ഏതെല്ലാം സാമൂഹിക-ഭരണ ഭീകരതകള്‍ക്കെതിരായാണോ ഗാന്ധിജി ഭാരതീയരെ നയിച്ചത്, ഏതെല്ലാം സാമുദായിക-ജാതീയ തിന്മകള്‍ക്ക് എതിരായാണോ ഗാന്ധിജി ഭാരതത്തിലെ ദുര്‍ബല-മര്‍ദ്ദിത വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വന്നത് ആ ശാപങ്ങള്‍ എല്ലാം വര്‍ദ്ധിത വീര്യത്തോടെ ഇന്ത്യന്‍ ഭരണരംഗത്തും സാമൂഹിക രംഗത്തും മതസാമുദായിക രംഗത്തും പൈശാചികമായി പിടിമുറുക്കിയലറുന്ന അസ്വസ്ഥതാ ജനകമായ വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ പ്രസക്തിയേറുന്നുവെന്നു പറയുന്നത് രാഷ്ട്രീയക്കാരന്റെ കണ്ഠക്ഷോഭമല്ല, മറിച്ച് നീതിക്കും ന്യായത്തിനും നന്മയ്ക്കും ധര്‍മ്മത്തിനും വേണ്ടി കൊതിക്കുന്ന ഓരോ ഭാരതീയന്റെയും പ്രാര്‍ത്ഥനയാണ്.( വാക്കുകള്‍ക്ക് കടപ്പാട് )
നാം വര്‍ഷം തോറും ഗാന്ധിജയന്തിയും ഗാന്ധി ചരമദിനവും ആഘോഷിക്കുന്നു. ഗാന്ധിജിയുടെ പടത്തിനു മുമ്പില്‍ തിരി കൊളുത്തി അദ്ദേഹത്തിന്റെ സ്മൃതിയില്‍ അഭിമാനം കൊള്ളുന്നു. ഗാന്ധിജിയുടെ പ്രസക്തി ഏറ്റവും ആവശ്യമുള്ളത് ഇന്നാണ് എന്ന പ്രസംഗം ആവര്‍ത്തിക്കുന്നു.
നമ്മള്‍, ഇന്ത്യക്കാര്‍ ഏറ്റവും അഭിമാനത്തോടെ ലോകജനതയ്ക്കു മുന്നില്‍ കാട്ടുന്ന നമ്മുടെ സിംബല്‍ ഗാന്ധിജിയാണ്..എന്നിരുന്നാലും എന്നും ഗാന്ധിയന്‍ ദര്‍ശനങ്ങളോടും ആശയങ്ങളോടും പുറം തിരിഞ്ഞുനില്‍ക്കാനാണ് എന്നും നമ്മള്‍ ശ്രമിച്ചിട്ടുള്ളത്.. ആകര്‍ഷണീയമായ പരസ്യവാചകങ്ങളിലും ഭംഗിയാര്‍ന്ന സ്മാരകസമുച്ചയങ്ങളിലും ഒരിക്കലും കറങ്ങാത്ത ചര്‍ക്കകളുടെ നിശ്ചലദ്യശ്യങ്ങളിലും പ്രഭാഷണങ്ങളില്‍ ഉരുവിടേണ്ട നന്മയുടെയും സ്‌നേഹത്തിന്റെയും വാക്കുകളുടെ അഗാധസ്രോതസ്സായും നാം ഗാന്ധിജിയെ ഒതുക്കിക്കഴിഞ്ഞു.ബുദ്ധിജീവികളായ പുരോഗമനവാദികള്‍ക്ക് വെറുമൊരു പഠനവസ്തുവാണ് ഗാന്ധിജി ..പലപ്പോഴും അവഹേളനത്തിന്റെയും അപഹാസ്യത്തിന്റെയും ആള്‍രൂപവും..
ഒരര്‍ഥത്തില്‍ ഗാന്ധിജി മനസ്സിലാക്കാന്‍ കഴിയാത്ത,ഒരിക്കലും ആരാലും പൂരിപ്പിക്കാന്‍ കഴിയാത്ത ഒരു സമസ്യ തന്നെയാണ്.വിമര്‍ശനങ്ങള്‍ക്കും മീതെയാണ് എന്നും ഗാന്ധിജിയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും..വിശ്വ മാനവികതയ്ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഗാന്ധിജി.മതത്തെയും സമുദായങ്ങളെയും കുറിച്ച് തികച്ചും ബോധവാനായിരുന്ന അദ്ദേഹം ഒരിക്കലും അതിനെ രാഷ്ട്രീയമായി കണ്ടില്ല ഗാന്ധിജി ദളിതരെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണാനാണ് ശ്രമിച്ചത്.എന്നാല്‍ ദളിതരുടെ നേതാവ് അംബേദ്‌കരാകട്ടെ ദളിതര്‍ക്ക് ഹിന്ദുമതത്തില്‍ നിന്നും ഒരിക്കലും നീതിയും ന്യായവും ലഭിക്കില്ലെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു .ആ തീരുമാനം ദളിതരെ ബുദ്ധമതത്തിലേക്ക് നയിക്കാന്‍ കാരണമായി. ഗാന്ധിജി- അംബേദ്‌കര്‍ സംവാദത്തിന് ഇപ്പോഴും പ്രസക്‌തിയുള്ളതായി തോന്നുന്നു. കാരണം, രാജ്യത്ത് ഇപ്പോഴും വലിയൊരു വിഭാഗം സമൂഹം ദളിതരായി തന്നെ പ്രാന്തവല്‍ക്കരിക്കപ്പെട്ടു കഴിയുകയാണ്.( ഡോ.കെ എം പണിക്കര്‍ )
വിദ്യാഭ്യാസം, ആരോഗ്യം, നയതന്ത്രം, വൈരുദ്ധ്യോപക്ഷേപം, പരിസ്ഥിതി, മിതോപഭോഗം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിലെ ഗാന്ധിയൻ ദർശനങ്ങൾ ഈ വിഷയങ്ങളിലെ എക്കാലത്തെയും മികച്ച കണ്ടെത്തലുകൾ തന്നെയായിരുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.പ്രായോഗിക ആദ്ധ്യാത്മികതയുടെ വക്താവും, പ്രയോക്താവുമായിരുന്നുഗാന്ധിജിയെന്നും.അദ്ദേഹത്തിന്റെ എക്കാലത്തെയും ഊര്‍ജ്ജസ്രോതസ്സ് ഭഗവത്ഗീതയായിരുന്നു താനും.ധാര്‍മ്മികതയില്‍ അടിയുറച്ച ചിന്താശൈലിയും ലാളിത്യത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ആ വ്യക്തിത്വവും കീഴടക്കിയത് ഭാരതീയജനമനസ്സുകളെ മാത്രമായിരുന്നില്ലല്ലോ!!സ്വാതന്ത്ര്യമെന്ന ഭാരതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തില്‍ അഹിംസയ്ക്കുള്ള പങ്ക് എത്രമാത്രം മഹനീയമായിരുന്നു..ഇതേ അഹിംസാവാദംകൊണ്ട് വളരെ വലിയൊരളവില്‍ രക്തരഹിതസ്വാതന്ത്ര്യപ്രാപ്തി കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞു..സായുധസമരത്തിനു മുന്നില്‍ എന്നും പിടിച്ചുനില്‍ക്കുവാന്‍ കെല്‍പ്പുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഉരുക്കുകോട്ടയെ ഉരുക്കിക്കളയുവാന്‍ തക്കവണ്ണം പ്രാപ്തിയും ശക്തിയും ഓജസ്സും തേജസ്സും ഉണ്ടായിരുന്നു മഹാത്മാവ് വിഭാവനം ചെയ്ത സത്യാഗ്രഹമെന്ന അഹിംസയിലൂന്നിയ സമരപദ്ധതിക്കെന്നത് ചരിത്രത്തിലെ തെളിവാര്‍ന്ന സത്യം..
ഇന്ത്യ സ്വാതന്ത്ര്യം നേടിയ സന്ദർഭത്തിൽ മുഖ്യമായ രണ്ടുധാരകളാണ് നമ്മുടെ മുന്നിലുണ്ടായിരുന്നത്. ഗാന്ധിയുടേയും നെഹ്രുവിന്റേയും വ്യത്യസ്തമായ രണ്ടുവഴികൾ. ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയിൽ ഊന്നിയ ഭൂമിക്കും പ്രകൃതിക്കും പരുക്കേൽക്കാത്ത പങ്കാളിത്തസ്വഭാവമുള്ള ജനാധിപത്യ(ഗ്രാമസ്വരാജ്) മാർഗ്ഗമായിരുന്നു ഗാന്ധിയുടേത്. നിർഭാഗ്യവശാൽ നെഹ്രുവിന്റെ മാർഗ്ഗമാണ് ഇന്ത്യ പിന്തുടർന്നത്. ശാസ്ത്രസാങ്കേതികവളർച്ചയുടെ പിൻബലത്താൽ വികാസം പ്രാപിച്ച ആധുനികബ്രിട്ടീഷ് നാഗരികതയുടെ പകിട്ടുംതിളക്കവുമായിരുന്നു നെഹ്രുവിനെ ആകർഷിച്ചത്.എന്നാൽ മണ്ണിനും വിണ്ണിനും ഏറെ വിപത്തുകൾ വരുത്തിയ, നാം ഏറെ കൊട്ടിഘോഷിച്ചുനടപ്പിലാക്കിയ ഹരിതവിപ്ലവം മുതൽ ഈയ്യിടെമാത്രം സംഭവിച്ച ഉത്തരഖണ്ഡിലെ വൻപ്രളയംവരെയുള്ള ദുരന്തത്തിന്റെ നാൾവഴികൾ ഗാന്ധിജിയുടെ മാർഗ്ഗമായിരുന്നു ശരി എന്ന് നമ്മെ തുടർച്ചയായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു… ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, ശുചിത്വം തുടങ്ങിയ ഭാരതത്തിന്റെ ആത്മഭാവത്തോടു ചേർന്നു നിൽക്കുന്നതും, ഇവിടുത്തെ പ്രകൃതിയോടും, സമൂഹത്തോടും നീതിപുലർത്തുന്നതുമായ പദ്ധതികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛ് ഭാരത് പോലെയുള്ള പദ്ധതികളിലൂടെ നാം ഇന്നു വിജയപഥത്തിൽ എത്തിച്ചു കഴിഞ്ഞുവെങ്കിലും ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിലേക്ക് എത്തിച്ചേരാന്‍ ഇനിയും കാതങ്ങള്‍ ദൂരമുണ്ട്..
Post Your Comments