India

ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ ചാരസംഘടന

വാഷിംങ്ടണ്‍ ● പാക് അധീന കാശ്മീരിലെ ഭീകര ക്യാംപുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. റഡാറുകളുടേയും സുരക്ഷാസംവിധാനങ്ങളുടേയും കണ്ണുവെട്ടിച്ച് ഇന്ത്യ നടത്തിയ തിരിച്ചടി അപ്രതീക്ഷിതവും ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യക്ഷമത കാണിക്കുന്നതുമാണെന്നാണ് സി.ഐ.എ പറയാതെ പറയുന്നത്. ഇന്ത്യയുടെ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചാല്‍ അത് ഇന്ത്യ പാക് അധീന കാശ്മീര്‍ പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുമെന്നും സി.ഐ.എയുടെ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ നീക്കം സി.ഐ.എയ്ക്ക് പോലും കണ്ടെത്താനായില്ല. ഇന്ത്യയുടെ ആക്രമണത്തെ നേരിടാനായി അതിര്‍ത്തിയില്‍ വന്‍ സൈനികാഭ്യാസവും യുദ്ധ തയ്യാറെടുപ്പുകളും നടത്തിയിട്ടും ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണം മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. പാകിസ്ഥാന് വിവരങ്ങള്‍ കൈമാറുന്ന മേഖലയിലെ വന്‍ ശക്തിയായ ചൈനയ്ക്കും ഇന്ത്യയുടെ നീക്കം മനസിലാക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യ പുറത്തുവിട്ട കണക്കിലുമപ്പുറം നാശനഷ്ടം പാകിസ്ഥാന് സംഭവിച്ചിട്ടുണ്ടെന്നും സി.ഐ.എ വിലയിരുത്തുന്നു. ഭീകരര്‍ക്കും സൈന്യത്തിനും കമാന്‍ഡോ ഓപ്പറേഷന്റെ ഭാഗമായി കനത്ത നഷ്ടം ഉണ്ടായതായാണ് സി.ഐ.എയുടെ വിലയിരുത്തല്‍. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ നാണക്കേടാകുമെന്നതിനാലാണ് പാക്കിസ്ഥാന്‍ യഥാര്‍ത്ഥ നാശനഷ്ടങ്ങള്‍ പുറത്തു വിടാത്തതെന്നും സി.ഐ.എ കണക്കുകൂട്ടുന്നു. ഇന്ത്യ പാക് സൈന്യത്തെയല്ല ആക്രമിച്ചത് എന്ന് വ്യക്തമാക്കാന്‍, നാശനഷ്ടങ്ങളുടെയും മരണപ്പെട്ട സൈനികരുടെയും കണക്ക് കുറച്ച് കാണിച്ച് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് മാത്രമാണ് പുറത്ത് വിട്ടതെന്നുമാണ് സിഐഎ യുടെ നിഗമനം.

ബലൂചിസ്ഥാന്‍ വഴി ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ഭാവിയില്‍ ഇന്ത്യയ്ക്ക് വന്‍ ഭീഷണിയാവുമെന്നതിനാല്‍ യുദ്ധമുണ്ടായാല്‍ ഈ ഇടനാഴി തകര്‍ക്കുക എന്നതാവും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് സി.ഐ.എയുടെ കണക്ക് കൂട്ടല്‍. ബലൂചിസ്ഥാന്‍ വിഘടന വാദികള്‍ക്ക് അഭയം നല്‍കിയും അവരെ പ്രോത്സാഹിപ്പിച്ചും വരും നാളുകളില്‍ പാകിസ്താന്‍ സൈന്യത്തിന് വലിയ തലവേദന സൃഷ്ടിക്കാനും ഇന്ത്യ ശ്രമിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

അമേരിക്കന്‍ സഖ്യ കക്ഷികള്‍ക്കും റഷ്യയ്ക്കും മാത്രമല്ല മറ്റു ലോക രാജ്യങ്ങള്‍ക്കെല്ലാം തന്നെ ഭീകരതയ്ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ അത്യാവശ്യമായതിനാല്‍ പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിനു മുതിര്‍ന്നാല്‍ ഇന്ത്യയെ പിന്തുണയ്ക്കണമെന്ന വികാരമാണ് ഭൂരിപക്ഷ സഖ്യ രാഷ്ട്രങ്ങള്‍ക്കുമുള്ളതെന്നും സി.ഐ.എ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിക്ക് സി.ഐ.ഐ കൈമാറിയെന്നാണ് സൂചന.

shortlink

Post Your Comments


Back to top button