കൊച്ചി: പെരിയാറിലെ വെള്ളം കുടിച്ച് കൊച്ചിയിലെ ആളുകൾ രോഗികളാകുന്നുവെന്ന് ശ്രീനിവാസൻ. കൊച്ചിയിലുള്ള 850 ഫാക്ടറികളിൽ 84 എണ്ണം റെഡ് കാറ്റഗറി വ്യവസായ ശാലകളാണ്. ഇവയെല്ലാം മാലിന്യം തള്ളുന്നത് പുഴയിലാണ്. കുഴലിലൂടെ പുഴയുടെ അടിത്തട്ടിലേക്കാണ് മാലിന്യം തള്ളുന്നതെന്നും ഈ വിഷാംശം മൂലം ചത്തുപൊങ്ങുന്ന മീനുകളാണ് നമ്മൾ കഴിക്കുന്നതെന്നും ശ്രീനിവാസൻ വ്യക്തമാക്കി. ക്ലോറിനേഷനിലൂടെ വെള്ളം ശുദ്ധീകരിക്കുന്നുവെന്ന് സർക്കാർ അവകാശപ്പെടുന്നെങ്കിലും ക്ലോറിനേഷനിലൂടെ വിഷാംശം നീക്കം ചെയ്യാനാവില്ല എന്ന് ഒന്നാം ലോക രാജ്യങ്ങള്‍ വർഷങ്ങൾക്ക് മുൻപേ കണ്ടെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവയവദാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. അവയവദാനം എന്നാൽ ആശുപത്രികളുടെ കച്ചവടതന്ത്രമാണ്. സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബി എം ഹെഗ്ഡെ പറഞ്ഞിട്ടുണ്ട്. ഈയിടെ ഹെലികോപ്ടറിൽ ഹൃദയം കൊണ്ടുവന്ന് എറണാകുളം ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം ആ വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ഡിയാക് സ്റ്റെന്റിന്റെ നിര്‍മാണ ചിലവ് 700 രൂപയാണ്. എന്നാല്‍ കൊച്ചിയിലെ ആശുപത്രികള്‍ ഇതിന് ഈടാക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments