ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അതീവജാഗ്രതയില്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. പാകിസ്ഥാന്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയില്‍ ഇന്ത്യയുടെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി. കേരളത്തിന്റെ തീരമേഖലയിലും അതീവസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നാവികസേനയുടെ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷന്‍സ് സെന്ററില്‍ നേവല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ഏകോപന യോഗം ചേര്‍ന്നു.
തീരസംരക്ഷണ സേനയുടെയും തീരപൊലീസിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടേയും പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാനത്തെ 593 കിലോമീറ്റര്‍ തീരമേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ രാത്രിനിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.
അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവയോട് അതീവ ജാഗ്രത തുടരാനും അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതു വേഗത്തിലാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. പഞ്ചാബിലെ ആയിരത്തോളം അതിര്‍ത്തി ഗ്രാമങ്ങളിലെ ഒഴിപ്പിക്കല്‍ പുരോഗമിക്കുകയാണ്.
എന്നാല്‍, ഗുര്‍ദാസ്പുരിലെ ചില ഗ്രാമങ്ങളില്‍ ഒഴിപ്പിക്കലിനോടു ഗ്രാമീണര്‍ സഹകരിക്കുന്നില്ല. വിളവെടുപ്പു കാലമായതിനാല്‍ കൃഷിയിടം വിട്ടുപോകാനാവില്ലെന്ന നിലപാടിലാണ് അവര്‍.അതിര്‍ത്തി ഗ്രാമങ്ങളിലെ പാടങ്ങളിലെ വിളവ് ഏറ്റെടുക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നു പഞ്ചാബ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഒഴിപ്പിക്കല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകള്‍ക്കായി ഓരോ കോടിരൂപ വീതം പഞ്ചാബ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികളും തുടരുന്നതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം വര്‍ധിച്ചാല്‍ തങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാകുമെന്നാണു ജമ്മുവിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ ആശങ്ക. കശ്മീരില്‍ സുരക്ഷാസേനാകേന്ദ്രങ്ങളിലും ജമ്മുവില്‍ ജനവാസ കേന്ദ്രങ്ങളിലും ഭീകരാക്രമണസാധ്യത ശക്തമാണെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ ആക്രമണം പ്രതിരോധിക്കാനും അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ബിഎസ്എഫിന്റെ എല്ലാ യൂണിറ്റുകളും അതിര്‍ത്തിയില്‍ അതീവജാഗ്രതയിലാണ്.
Post Your Comments