NewsInternational

ഇന്ത്യയുടെ സൈനികനീക്കം : ആശങ്കയോടെ ലോകം

ന്യൂഡല്‍ഹി : പാക്ക് അധീന കശ്മീരിലെ ഇന്ത്യയുടെ സൈനികനീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും ലോകരാഷ്ട്രങ്ങള്‍. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും മുന്‍കൈയെടുക്കണമെന്ന പൊതുവികാരമാണു രാജ്യാന്തര സമൂഹം പങ്കുവച്ചത്. ഭീകരതയ്ക്കു പിന്തുണ നല്‍കുന്ന വിഷയത്തില്‍ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു യു.എസിന്റെ പ്രതികരണം.
അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തിയ നാടകീയമായ ചെറുത്തുനില്‍പ്പ് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിലുള്ള ആശങ്കയിലായിരുന്നു രാജ്യാന്തര സമൂഹം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു. സൈനിക നടപടിക്കുശേഷവും ഇന്ത്യ-പാക് സേനകള്‍ തമ്മില്‍ നടത്തിവരുന്ന ആശയവിനിമയം ശുഭസൂചനയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.

രാജ്യത്തെ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം, മേഖലയിലെ തന്ത്രപ്രധാന പങ്കാളിയായ പാക്കിസ്ഥാനോടുള്ള കൂറ് വ്യക്തമാക്കിയായിരുന്നു ചൈനയുടെ പ്രതികരണം. പാക്കിസ്ഥാനു കശ്മീരിന്മേലുള്ള അവകാശത്തെ മാനിക്കുന്നതായും എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ചൈനിസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് ബെയ്ജിങ്ങില്‍ പറഞ്ഞു.

ഇന്ത്യയുടെ സൈനിക നീക്കത്തിന് ബംഗ്ലാദേശ് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തു. പരമാധികാരത്തിന്മേലുള്ള ഏതു കടന്നുകയറ്റവും ചെറുക്കാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉപദേഷ്ടാവ് ഇഖ്ബാല്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കായി സമാധാന ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐക്യരാഷ്ട്രസംഘടനയും ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button