ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ സൈന്യം തിരിച്ചടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയിലുടനീളം സൈന്യം അതീവ ജാഗ്രതയിലാണ്. പാക് ഭരണകൂടം ഇപ്പോഴും ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് ഒദ്ദ്യോഗികമായി നിഷേധിക്കുകയാണ്. ഇന്ത്യ വെടിവെപ്പ് നടത്തിയെന്നും രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പക്ഷെ അതിര്‍ത്തി കടന്നിട്ടില്ലെന്നും, കടന്നിരുന്നുവെങ്കിൽ അപ്പോള്‍ തന്നെ തിരിച്ചടിക്കുമായിരുന്നെന്നും പാകിസ്ഥാന്‍ പറയുന്നു. ഇനി ഇത്തരത്തില്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് കഴിഞ്ഞ ദിവസം പാക് ഭരണകൂടം വ്യക്തമാക്കിയത്.
എന്നാല്‍ സര്‍ക്കാറിന് കാര്യമായ നിയന്ത്രണമില്ലാത്ത പാക് കരസേന ഇവയോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ നിര്‍ദ്ദേശം ലഭിച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ തക്കവണ്ണം തയ്യാറായി നില്‍ക്കണമെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്കും നല്‍കിയിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി എടുക്കണമെന്ന് വീണ്ടും അമേരിക്ക ആവശ്യപ്പെട്ടു. സാധാരണയായി പാകിസ്ഥാന് പിന്തുണ നല്‍കാറുള്ള ചൈനയും ഇത്തവണ കാര്യമായ പിന്തുണ നല്‍കുന്നില്ല. യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന സന്ദേശമാണ് ചൈന പാകിസ്ഥാന് നല്‍കിയിരിക്കുന്നത്.
Post Your Comments