Uncategorized

ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ പാകിസ്ഥാന് പുതിയ തലവേദന

ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ഇന്ത്യയില്‍ നിന്നും ലോക രാജ്യങ്ങളില്‍ നിന്നും വിമര്‍ശനം നേരിട്ട് കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രിയ്ക്ക് പുതിയ വെല്ലുവിളി. പാകിസ്ഥാന്‍ സൈനിക മേധാവി സ്ഥാനത്ത് ജനറല്‍ റഫീല്‍ ഷെരീഫിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. നവംബറിലാണ് ജനറല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി അവസാനിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെയിടയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ പുതിയ സേനാമേധാവിയെ കണ്ടെത്താനുള്ള നിര്‍ണായക ദൗത്യമാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന് വന്നിരിക്കുന്നത്.
ഇന്ത്യയും യു.എസും അടക്കം വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ സേനാ മേധാവിക്ക് പാകിസ്ഥാനില്‍ നിര്‍ണായക പങ്കാണുള്ളത്. കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കും ഇസ്ലാമിക ഭീകരതയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ജനറല്‍ ഷെരീഫിന് പാകിസ്ഥാനിലെ സാധാരണക്കാര്‍ക്കിടയില്‍ വലിയ സ്ഥാനമുണ്ട്. ഭരണത്തിന്റെ എല്ലാ തലങ്ങളിലും സൈന്യത്തിന് ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ ജനറല്‍ ഷെരീഫിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷെരീഫ് തുടര്‍ന്നേക്കുമെന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ സൈനിക വക്താവ് ലഫ്.ജനറല്‍ അസീം ബാജ്‌വ ഇക്കാര്യം നിഷേധിച്ചു. ഇത്തരം ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞാലും ജനറല്‍ ഷെരീഫിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉചിതമായ പദവി തന്റെ സര്‍ക്കാരില്‍ നല്‍കുമെന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button