അന്ധവിശ്വാസങ്ങളുടെ ഫലമായി കേവലം 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാഴ്ച നഷ്ടപെട്ടു. കുഞ്ഞിന് ഈ ദൗർഭാഗ്യം ഉണ്ടായത് പഴമക്കാർ പറഞ്ഞ ഒറ്റമൂലി പരീക്ഷിച്ചതിനാലാണ്. കുഞ്ഞിൻെറ കണ്ണിലെ ചുവന്ന പാട് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സീമ മുതിർന്നവരുടെ ഉപദേശം തേടിയത്. സാധാരണ ഗതിയിൽ പഴമക്കാര്‍ ഇതിനു പ്രതിവിധിയായി പറയുന്നത് കണ്ണിൽ ഒന്നോ രണ്ടോ തുള്ളി മുലപ്പാൽ ഒഴിക്കാനാണ്. ഈ ഉപദേശം സ്വീകരിച്ച സീമ കുഞ്ഞിൻെറ കണ്ണിൽ മുലപ്പാലൊഴിച്ചു.
എന്നാൽ മുലപ്പാൽ ഒഴിച്ച ശേഷം കുഞ്ഞിൻെറ കണ്ണ് ക്രമാതീതമായി വീർക്കാൻ തുടങ്ങി. നീരുവെച്ച കണ്ണുമായി ബുദ്ധിമുട്ടുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആ അമ്മയും കുടുംബവും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അറിയുന്നത്. അണുബാധയേറ്റ കണ്ണിൽ മുലപ്പാലൊഴിച്ചപ്പോൾ കുഞ്ഞിൻെറ കണ്ണിൻെറ കോർണിയയ്ക്ക് പഴുപ്പുബാധിച്ചു. അങ്ങനെ കാഴ്ചശക്തിക്കു വരെ തകരാർ സംഭവിച്ചു.
ഈ കുടുംബത്തിന്റെ അറിവില്ലായ്മ മൂലം ആ കുഞ്ഞിനു ജനിച്ച് ഇരുപത്തിയൊന്നാം ദിവസം കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നു. പല ഒറ്റമൂലികളും പാർശ്വഫലങ്ങളൊന്നുമുണ്ടാക്കില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇവയെ അന്ധമായി വിശ്വസിക്കുന്നത് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് ഇടയാക്കുമെന്നും ആദിത്യജോത് ഹോസ്പിറ്റലിലെ കോർണിയ സ്പെഷ്യലിസ്റ്റായ ഡോ. കവിത റാവ് വിശദീകരിക്കുന്നു.
Post Your Comments