IndiaPrathikarana Vedhi

തള്ളല്‍” ധര്‍മ്മയുദ്ധമായി തിരിച്ചറിഞ്ഞപ്പോള്‍ കണ്ണ് തള്ളുന്നവര്‍…… ഭാരതത്തിന്‍റെ യശസ്സ് വാനോളം പറന്നുയരുമ്പോള്‍

അഞ്ജു പാര്‍വ്വതി

ഓരോ ഇന്ത്യക്കാരന്‍റെയും സിരകളില്‍ പടര്‍ന്ന വികാരമാണ് ദേശസ്നേഹം..ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ ജ്വലിച്ചുയരുന്ന അഭിമാനമാണ് നമ്മുടെ സൈനികര്‍. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി മുതല്‍ നീലസമുദ്രത്തില്‍ വരെ നമുക്കായി കാവല്‍നില്‍ക്കുന്നു നമ്മുടെ ഇന്ത്യയുടെ ധീര സൈനികര്‍. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയുണ്ട് ഇന്ത്യന്‍ ആര്‍മി. യുദ്ധങ്ങളിലും കമാന്‍ഡോ ഓപ്പറേഷനിലും ഇന്ത്യന്‍ ആര്‍മി നേടിയ വിജയചരിതങ്ങള്‍ ഏറെയാണ്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും ജനങ്ങള്‍ക്ക് കൈത്താങ്ങായി സൈനികരെത്തുന്നു.ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്ത്യന്‍ സൈനികര്‍ക്ക് പുത്തരിയല്ല തന്നെ..

ഭീകരവാദികളെ ഉന്മൂലനം ചെയ്യാന്‍ മ്യാന്മറില്‍ പ്രവേശിച്ച ഇന്ത്യന്‍ സൈന്യം അവിടെ വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിച്ചത് നമ്മള്‍ കണ്ടതാണ്..എന്നീട്ടും പുരോഗമനവാദികളായ ഒരു പറ്റം മനുഷ്യസ്നേഹികള്‍ അത് കണ്ടില്ലെന്നു നടിച്ചു.തള്ളല്‍വീരനായി എന്നും എതിരാളികള്‍ അവരോധിച്ചിരുന്ന മോദിജിയുടെ പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്തെ യഥാര്‍ത്ഥ തള്ളല്‍ ഇന്ന് അതിര്‍ത്തിക്കിപ്പുറത്ത് നിന്നുകണ്ടു കണ്ണുതള്ളുകയാണ് സീസണല്‍ മനുഷ്യസ്നേഹികളും മാധ്യമ പിമ്പുകളും ചൂല് നേതാവ് പോലും …അവരോടു ഒന്ന് ചോദിക്കട്ടെ -ഇതല്ലേ കട്ട ഹീറോയിസം . വാക്കിലൂടെയല്ലാതെ,തോക്കിലൂടെ ഭാരതത്തിന്റെ പെരുമ പാക്കിസ്ഥാന് കാട്ടിക്കൊടുത്ത വീരസൈനികരല്ലേ യഥാര്‍ത്ഥ പോരാളികള്‍ ?അവരല്ലേ യഥാര്‍ത്ഥ നായകര്‍ ?..ട്വിറ്ററിലൂടെ മാത്രം യുദ്ധം ചെയ്യാന്‍ അറിയാമെന്നു നിങ്ങള്‍ പരിഹസിച്ച ആ ജനനായകന്‍ ഇന്ന് കാട്ടിതന്ന യുദ്ധമുറയ്ക്ക് എന്ത് പേരിട്ടു വിളിക്കണം?.യുദ്ധത്തില്‍ മരിക്കുന്ന ജവാന്റെ ശവപ്പെട്ടിയില്‍ പുഷ്പചക്രം വയ്ക്കുന്നതല്ല ധീരത.മറിച്ച് പാക്കിസ്ഥാനില്‍ കടന്ന്,ഭീകരവാദത്തെ പിഴുതെറിയുന്നതാണ് ധീരതയെന്നു കാട്ടി തന്നില്ലേ അദ്ദേഹം ?…ഗുര്‍ദാസ്പൂരും ഉദംപൂരും കുപ് വാരയും കണ്ടില്ലെന്നു നടിച്ചതല്ല. മറിച്ച്സംയമനം പാലിച്ചതാണ്..അതിനെ ഭീരുത്വമായി പാക്കിസ്ഥാന്‍ കണ്ടതാണ് ഉറിയില്‍ നഷ്ടമായ ആ പതിനെട്ടുജീവന്‍..ആ പതിനെട്ടുജീവനുകള്‍ ഉയര്‍ത്തിക്കാട്ടി അതുവരെയില്ലാത്ത സൈനിക സ്നേഹം സിരകള്‍ നിറച്ചുക്കൊണ്ട് നിങ്ങള്‍ പുരോഗമനവാദികള്‍ നടത്തിയ പൊറാട്ടുനാടകത്തിന്റെ ഉത്തരം ഇന്നലെ പാകിസ്ഥാന്‍റെ മണ്ണില്‍ രാജ്യത്തിന്റെ ചുണക്കുട്ടികള്‍ ഭീകരരുടെ ചോരക്കൊണ്ടെഴുതി കാട്ടി.. ഉറിയില്‍ പൊലിഞ്ഞ പതിനെട്ടുജീവനുകള്‍ ഇന്നിതാ പതിനെണ്ണായിരമായി ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി ഭീകരവാദത്തെ തച്ചുടയ്ക്കാന്‍ കച്ചക്കെട്ടിക്കഴിഞ്ഞു..ഇവിടെ തുടങ്ങുന്നു പുതിയൊരു ധര്‍മ്മയുദ്ധം..ഭീകരതയെ തച്ചുടയ്ക്കാന്‍,ഈ ഭൂമുഖത്തുനിന്നും മായ്ച്ചുക്കളയാന്‍ കെല്പ്പുള്ള ഒരൊറ്റ രാജ്യം മാത്രം-അതാണ്‌ നമ്മുടെ ഇന്ത്യ..

ഇന്നലെ പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ തന്ത്രപ്രധാനഅക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. കനത്ത തിരിച്ചടിയില്‍ നിരവധി തീവ്രവാദികളും തീവ്രവാദികളെ സഹീയിക്കുന്നവരും കൊല്ലപ്പെട്ടുവെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും സൈന്യം ഔദ്യോഗികമായി അറിയിച്ചിരുന്നു ..അതിര്‍ത്തിയിലെ മൂന്ന് തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന് ചീഫ് മിലിട്ടറി ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി . ഇന്നലെ രാത്രിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം . പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കാന്‍ മാത്രമാണ് നമ്മുടെ പ്രധാനമന്ത്രിക്ക് വശമെന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറഞ്ഞ പുരോഗമനവാദികളെ ,നിങ്ങള്‍ അറിയുക ഇതാണ് പുത്തന്‍ യുദ്ധമുറ ..ബൊളീവിയന്‍ കാടുകളില്‍ കണ്ട ഗോറില്ലാ യുദ്ധമുറയല്ല ഇത് ..ഇതാണ് നയതന്ത്രത്തിലൂന്നിയുള്ള പ്രത്യാക്രമണം . ഇവിടെ വിജയിച്ചത്അജിത്‌ ഡോവലിന്റെ പുതിയ തന്ത്രം .അതായത് മ്യാന്മാറില്‍ നല്‍കിയത് പോലെയുള്ള, തീവ്രവാദ ശക്തികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്ന അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന ശക്തമായ താക്കീത് ..ഇത്തരത്തിലുള്ള പ്രത്യാക്രമണത്തിന്റെ രൂപരേഖയുടെ സൂത്രധാരനോ മോഡിജിയുടെ വിശ്വസ്തനായ ഡോവലും..ഭീകരന്മാരെ കൊന്നു അവരുടെ മാംസം കൊണ്ട് ബിരിയാണി പാകിസ്ഥാന് വിളമ്പിയ മോദിയുടെ യുദ്ധതന്ത്രത്തിന്റെ വിജയഗാഥ ..ഒപ്പം ദേശീയ ഉപദേഷ്ടാവിന്റെ വിജയ ഫോര്‍മുലയുടെ മറ്റൊരു വിജയവും ..നയതന്ത്രബന്ധത്തെയും ആഭ്യന്തരത്തെയും ഒരേ കണ്ണ് കൊണ്ട് നോക്കിയിരുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇന്നലത്തെ ഇന്ത്യന്‍ ആക്രമണം .. നയതന്ത്രബന്ധങ്ങളിലൂടെ ഉരുത്തിരിഞ്ഞ ലോകരാജ്യങ്ങളുമായുള്ള ചങ്ങാത്തം ,അതുവഴി ഇസ്ലാമിക രാജ്യങ്ങളെ പോലും അനുകൂലമാക്കി പാകിസ്ഥാനെതിരെ നടത്തിയ ഈ പ്രത്യാക്രമണത്തേക്കാള്‍ വലുത് ഇനി നവാസിന്റെ സ്വപ്നങ്ങളില്‍ മാത്രം …

ജമ്മു കശ്മീരിലെ ഉറിയിൽ കരസേനാ ബ്രിഗേഡ്‌ ആസ്ഥാനത്ത്‌ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പതിനെട്ടു സൈനികരുടെയുള്‍പ്പടെ ഈ വർഷം പാക്‌ പിന്തുണയോടെ ഇന്ത്യയ്ക്കുനേരെ നടന്ന ഒമ്പതാമത്തെ ഭീകരാക്രമണമാണിത്‌. രാജ്യം ഒന്നടങ്കം ഈ ആക്രമണത്തെ അപലപിക്കുമ്പോള്‍ മുക്കിലും മൂലയിലും നിന്ന്പാകിസ്ഥാന് വേണ്ടി ജയ്‌ വിളിക്കുന്നവരും നമുക്കൊപ്പം തന്നെയുണ്ട്‌ . ദില്ലിയിലെ നേതാവ് പാകിസ്ഥാനില്‍ നഷ്ടപ്പെടുന്ന മനുഷ്യജീവനുകളെ കുറിച്ച് ആകുലപ്പെടുമ്പോള്‍ ഇങ്ങു കൊച്ചുകേരളത്തില്‍ പോലും പാകിസ്ഥാനായി “വേണു”നാദം മുഴക്കുന്നവരും ഉണ്ടെന്നുള്ളതാണ് ഏറെ സങ്കടകരം ..ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്മാര്‍ക്ക് വേണ്ടി വാദിക്കാന്‍ ചില ചാനല്‍ ഫ്ലോറുകളും അഭിനവ അര്‍നോബ്മാരും ഒരുക്കം ആരംഭിച്ചുണ്ടാകും .അല്ലെങ്കിലും ഇത്തരക്കാര്‍ക്ക് ചോറിങ്ങും കൂറ് അങ്ങുമാണല്ലോ..ഇവരിലാണ് സീസണല്‍ മനുഷ്യസ്നേഹം നമുക്ക് കാണാന്‍ കഴിയുക .പലപ്പോഴും ഇന്ത്യന്‍ സൈന്യത്തിന്റെ സേവനമോ ജീവത്യാഗമോ കണ്ണില്‍ പിടിക്കാത്ത ഇവറ്റകള്‍ ഭീകരവാദികളുടെ ചോര കാണുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു..ബലാല്‍സംഗമെന്ന പാതകം പോലും ആവിഷ്ക്കാര സ്വാതന്ത്ര്യമായി,കവിതയായി മുദ്രകുത്തപ്പെടുമ്പോള്‍ ഗോവിന്ദചാമിയെ തൂക്കിലേറ്റുമെന്ന വാര്‍ത്തകളില്‍ പോലും മനുഷ്യത്വം കൂട്ടിക്കലര്‍ത്തി സീസണല്‍ മനുഷ്യസ്നേഹിയാകുന്ന ഇവര്‍ അറിയാതെയെങ്കിലും വിളക്ക് കാട്ടുന്നത് ദേശദ്രോഹികള്‍ക്കാണ്.പ്രത്യയശാസ്ത്രത്തിനു വിഘാതം വരുത്തുന്നവനുമാത്രം വരമ്പത്ത് കൂലി കൊടുത്ത് കണ്ണിനു കണ്ണ് കാതിനു കാതെന്ന ഹമുറാബിയുടെ കാട്ടുനീതി നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്യുന്നവരാണ് ഇപ്പോള്‍ യുദ്ധത്തെ നിശിതമായി വിമര്‍ശിക്കുന്നവര്‍ ..ഇത്തരക്കാര്‍ക്ക് അന്ധമായ മോദിവിരോധത്താല്‍ തിമിരം ബാധിച്ചിരിക്കുന്നു .. ഈ തിമിരത്തെ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ,നിഷ്പക്ഷരായ ഒരുകൂട്ടം ജനങ്ങള്‍ വേണ്ടവിധം അവരെ കിടത്തി ചികിത്സ നടത്താന്‍ തയ്യാറാകും .തീര്‍ച്ച ..കാരണം പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന പരിപാടി പൊതുജനങ്ങള്‍ക്ക്.എന്നേ മടുത്തുതുടങ്ങിയിരിക്കുന്നു ..അതുക്കൊണ്ട് കൂടിയാണല്ലോ ദേശീയ പാര്‍ട്ടിയായി തിളങ്ങിയിരുന്ന പല പാര്‍ട്ടികളും ഇന്ന് വെറും പ്രാദേശിക പാര്‍ട്ടികളായി ഒതുങ്ങി പോയത് …

ആക്രമണത്തെ നിശിതമായി അപലപിക്കുന്നതോടൊപ്പം ശത്രുവിന്‌ കനത്ത തിരിച്ചടിതന്നെ നൽകണമെന്ന പൊതുവികാരമാണ്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഉയരുന്നത്‌. ഉറി ആക്രമണം സംബന്ധിച്ച വാർത്തകൾ സൂചിപ്പിക്കുന്നത്‌ ജയഷ്‌-ഇ-മൊഹമ്മദിൽപ്പെട്ട ഭീകരർ പാകിസ്ഥാന്റെ അറിവോടും പിന്തുണയോടുമാണ്‌ ആക്രമണം നടത്തിയതെന്നാണ്‌. ഭീകരരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ്‌ പാകിസ്ഥാൻ എന്ന്‌ ജി-20 ഉച്ചകോടിയിലെ ആസിയാൻ സമ്മേളനത്തിലും നയതന്ത്രതലത്തിൽ ഇന്ത്യ നടത്തിയ വിമർശനങ്ങൾ അവരെ അത്തരം പ്രവർത്തനങ്ങളിൽ നിന്ന്‌ പിന്തിരിപ്പിക്കാൻ പര്യാപ്തമായിട്ടില്ലെന്നാണ്‌ ഉറി ആക്രമണം കാണിക്കുന്നത്‌. ജമ്മു കശ്മീരിലെ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ സ്വന്തം പ്രതിനിധികളെ നിയോഗിച്ച്‌ ഇന്ത്യക്കെതിരെ നയതന്ത്രതലത്തിൽ ആക്രമണം അഴിച്ചുവിടാനും നവാസ്‌ ഷെരീഫിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ മുതിർന്നിരിക്കുന്നു. ഒരേസമയം നയതന്ത്രതലത്തിലും ഭീകര പ്രവർത്തനങ്ങൾ വഴി സൈനികതലത്തിലും ഇന്ത്യക്കെതിരായ കടന്നാക്രമണമാണ്‌ പാകിസ്ഥാന്റെ ലക്ഷ്യമെന്നുവേണം വിലയിരുത്താൻ. നയതന്ത്രതലത്തിൽ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലിനെ അതിജീവിക്കാൻ ഇന്ത്യയെ തുറന്ന യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്ക്കുക എന്ന തന്ത്രമാണ്‌ പാകിസ്ഥാൻ അവലംബിക്കുന്നത്‌. . ഇറാനും അഫ്ഗാനിസ്ഥാനുമടക്കം ഇസ്ലാമിക്‌ രാഷ്ട്രങ്ങളിൽ നിന്നുപോലും അവർക്ക്‌ എതിർപ്പ്‌ നേരിടേണ്ടിവരുമ്പോള്‍ കുട പിടിക്കാന്‍ കൂട്ടുനില്‍ക്കുന്നത് ഇവിടെയുള്ള വേണുവിനെ പോലുള്ള ബുദ്ധിജീവികളാണ് പത്താൻകോട്ട്‌ വായുസേനാ താവളത്തിനു നേരെ ആക്രമണം നടന്ന്‌ ഏറെ കഴിയും മുമ്പാണ്‌ സമാനവും കൂടുതൽ മാരകവുമായ ആക്രമണം ഇന്ത്യൻ സേനാതാവളത്തിനു നേരെ നടക്കുന്നത്‌. ഉറിയിലെ തിരിച്ചടിയുടെ കാരണങ്ങൾ വിശദമായ അന്വേഷണത്തിനു വിധേയമാവണം. അകത്തും പുറത്തുമുള്ള കുറ്റവാളികൾ ഒരുപോലെ കണ്ടെത്തപ്പെടണം. അവർ നിയമാനുസൃതം വിചാരണാവിധേയരായി ശിക്ഷിക്കപ്പെടണം. ഉറിയിൽ പതിനെട്ടു ജവാന്മാരുടെ ജീവൻ ബലിനൽകേണ്ടിവന്നതിന്റെ ഉത്തരവാദിത്തം കേവലം ഭീകരരുടേത്‌ മാത്രമല്ലെന്ന വസ്തുത അംഗീകരിക്കാനും പ്രതിവിധിക്കും കേന്ദ്ര സർക്കാർ സന്നദ്ധമാവണം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ ചരിത്രം പരതിയാൽ അത് സ്വാതന്ത്യലബ്ദ്ധിയുടെ കാലത്തോളം നീളും..വിഭജനത്തെ തുടർന്ന് ഒരിടത്തും ചേരാതെ നിന്ന കാശ്മീരിലേക്ക് , അഫ്ഘാൻ ഗോത്രവർഗ്ഗ സേനയുമായി പാകിസ്ഥാൻ കടന്നു കയറിയതു മുതൽ ഇന്നലെ ഇന്ത്യന്‍ സേനയിലെ വീരപുത്രന്മാര്‍ അവിടെ കടന്നുകയറിയത്‌ വരെയത് നീളുന്നു.നമ്മുടെ നാടിന്റെ ഓരോ മണ്‍തരിക്കും പറയാന്‍ എത്രമാത്രം പോരാട്ടങ്ങളുടെ കഥയുണ്ടാകും. 1965 ലെയും 1971ലേയും യുദ്ധങ്ങളിൽ നിർണായകവിജയം നേടിയിട്ടും ,കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളുടേയുമിടയിൽ ഒരു കീറാമുട്ടിയായി അവശേഷിച്ചു …ലോകവേദികളിലെ വാഗ്വാദങ്ങളായും , ഇടക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളായും , അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങളായും പാകിസ്ഥാൻ ഈ പ്രദേശത്തെ പ്രശ്നഭരിതമാക്കി തന്നെ നിർത്തി …എല്ലാം കൊണ്ടും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രധാനമായ കാര്യമാണ് ഒരു ശത്രുവിനെ കാട്ടി ,ജനങ്ങളെ മുൾമുനയിൽ നിർത്തുക എന്നത് …അതുകൊണ്ടുതന്നെ വെടിയൊച്ചകളും വിവാദങ്ങളും മാറ്റൊലിക്കൊള്ളുന്ന കശ്മീർ പാകിസ്ഥാന്റെ ജീവവായുവാണ് ..അത് സമാധാനപരമായി അവസാനിക്കാൻ അവർ അനുവദിക്കുകയുമില്ല …ഇനി നമ്മള്‍ തുടങ്ങേണ്ടത് ഒരു ധര്‍മ്മയുദ്ധമാണ്..ഭീകരവാദമെന്ന അധര്‍മ്മത്തെ എതിരിടാന്‍,ഭസ്മീകരിക്കാന്‍,ഈ ലോകത്തില്‍ നിന്നും തുടച്ചു നീക്കുവാന്‍ നമ്മള്‍ ഒരുങ്ങിയിറങ്ങേണ്ട സമയം ആഗതമായി ..

ഓരോ പട്ടാളക്കാർ ജീവിക്കാനും കുടുംബം പുലർത്താനും വേണ്ടി തന്നെയാണ് തോക്കെടുക്കുന്നത് …പക്ഷെ , കഠിനമായ പരിശീലനവും ,സൈനിക സാഹചര്യങ്ങളും , രാഷ്ട്രബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ ഓരോ പൗരനും അവനു കുടുംബാംഗങ്ങളാകും …ദേശീയപതാക അവനു അതിരുകളില്ലാത്ത ഊർജ്ജത്തിന്റെ സ്രോതസ്സാകും …അതുകൊണ്ടാണ് ,കുറച്ചുനാൾ മുൻപ് , ദേശീയപതാക അപമാനിക്കപ്പെട്ടപ്പോൾ ജനറൽ ബക്ഷി ക്യാമറകൾക്ക് മുൻപിൽ പോലും മനസ്സാന്നിധ്യം നഷ്ടപ്പെട്ട് വിതുമ്പിപ്പോയത് …കൂലിപ്പട്ടാളമെന്നും ,സർക്കാരിന്റെ ഗുണ്ടാപ്പടയെന്നും പട്ടാളത്തിനെ അപഹസിക്കുന്ന ആധുനിക ബുദ്ധിജീവി വർഗത്തിന് അതൊരിക്കലും മനസ്സിലാകണമെന്നില്ല…ഹേ ബുദ്ധിയുടെ മേലങ്കി വാരിപുതച്ച പുരോഗമന വാദികളെ,നിങ്ങളറിയുന്നുണ്ടോ ,നിങ്ങളിങ്ങനെ പരിഹാസത്തിന്റെ വെളിച്ചപ്പാട് തുള്ളുന്നതിനായി ജീവിച്ചിരിക്കുന്നത്‌ പോലും അവരുടെ ഔദാര്യത്തിലാണ് .അതേ ,അതിർത്തിയിൽ ഇമചിമ്മാതെ കാവലിരിക്കുന്ന പട്ടാളക്കാരന്റെ മനോബലത്തിന്റെയും കായബലത്തിന്റെയും കരുത്തില്‍ മാത്രമാണ് നിങ്ങളിങ്ങനെ തുള്ളിമറിയുന്നത്.. അല്ലെങ്കിലും ഉത്തരത്തിലിരിക്കുന്ന ഗൗളിയുടെ വിചാരം താനാണ് മേല്‍ക്കൂര താങ്ങുന്നത് എന്നാണല്ലോ ..

മഞ്ഞിന്‍കണങ്ങള്‍ പെയ്‌തുനിറയുന്നതിനൊപ്പം കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന ഓരോ നിമിഷാര്‍ദ്ധങ്ങള്‍ക്കും പറയാനുണ്ടാവുക വന്ദേമാതരം ജീവസ്പന്ദനമാക്കിയ ദേശാഭിമാനികളുടെ കഥകള്‍ മാത്രമാണ് .. നമ്മുടെ സഹോദരങ്ങള്‍ വര്‍ണ്ണഭാഷാവൈവിധ്യങ്ങള്‍ മറന്നു ഇന്ത്യ എന്ന ഒരേ ഒരു വികാരമായി ,ശക്തിയുടെ കൊടുങ്കാറ്റായി നമുക്കുവേണ്ടി പ്രകൃതിയോടു പോരാടി മഞ്ഞുപാളികളോട് സന്ധി ചെയ്യുമ്പോഴും അവിടെ നിന്നും അവര്‍ നമ്മോടു പറയുന്നത് ഇങ്ങനെയാണ്… “നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോള്ളൂ…. ഞാന്‍ ഇവിടെ ഉണര്‍ന്നിരിക്കുന്നു..”പിറന്ന മണ്ണില്‍ നിന്നും പ്രിയ ജനങ്ങളില്‍ നിന്നും ഏറെ അകലെ കാലഭേദങ്ങള്‍ കരുണയില്ലാതെ വേഷപകര്‍ച്ചയാടുന്ന മണ്ണില്‍ കണ്ണുചിമ്മാതെ കാവല്‍നില്‍ക്കുന്ന അവരെ നമുക്ക് നന്ദിയോടെ സ്മരിക്കാം…രാജ്യത്തിനുവേണ്ടി,നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടി ഉറിയില്‍ ,ഈ മണ്ണില്‍ പൊലിഞ്ഞുപോയ അതിധീരരായ ഓരോ ജവാന്മാര്‍ക്കും മനസ്സു കൊണ്ട് പുഷ്പാഞ്ജലി ചെയ്യാം..ഒപ്പം അതിര്‍ത്തിക്കപ്പുറം മണ്ണിന്റെ പെരുമ ഭീകരരുടെ ചോരക്കൊണ്ടെഴുതിയ,ഇനിയെഴുതുവാന്‍ പോകുന്ന ഓരോ സൈനികനും നമുക്ക് നല്‍കാം ഒരു ബിഗ്‌ സല്യൂട്ട് .

ഞാന്‍ കാണുന്ന ഓരോ സൂര്യോദയത്തിലും,ഇനി കാണാന്‍ പോകുന്നസൂര്യോദയങ്ങളിലും.അലിഞ്ഞു ചേര്‍ന്നിട്ടുള്ളത് നിങ്ങളടങ്ങുന്ന യോദ്ധാക്കളുടെ ചോരയുടെ ചുവപ്പാണല്ലോ!!.ആ ചുവപ്പ് ഹൃദയത്തില്‍ ,ആത്മാവില്‍,ജീവനില്‍ ഒക്കെ പടര്‍ന്നു പോയതുക്കൊണ്ടാവും എനിക്ക് എന്തുക്കൊണ്ടോ ഈ പിറന്ന മണ്ണ് ജീവനേക്കാള്‍ പ്രിയപ്പെട്ടത് ആകുന്നതും ..പിറന്ന മണ്ണിനെയും സൈനികരേയും സ്നേഹിച്ചുപോയതുകൊണ്ട് മാത്രം ഞാനൊരു നെറികെട്ട മനസാക്ഷിയില്ലാത്ത വിഘടനാവാദി ആയിപോയിട്ടുണ്ടെങ്കില്‍ പ്രതിക്രിയാവാദികള്‍ പൊറുക്കുക. എന്നില്‍ വന്നുഭവിച്ച ആ അന്തര്‍ധാര ഈ മാലദ്വീപില്‍ ഇരുന്നുക്കൊണ്ട് ഒരു കട്ടന്‍ചായയും “ബജിയ”യും വഴി പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button