KeralaNews

തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസം പകല്‍ അടച്ചിടും കാരണം വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍

തിരുവനന്തപുരം: റണ്‍വെയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന്റെ ഭാഗമായി റണ്‍വേ മൂന്ന് മാസം അടച്ചുടുന്നതിന് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തില്‍ റണ്‍വേ നവീകരിക്കുന്നതിന്റെ (റീകാര്‍പെറ്റിംഗ്) ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നു മാസത്തേക്ക് പകല്‍ അടച്ചിടുന്നത്.  ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് 5.15 വരെയാണ് വിമാനത്താവളം അടിച്ചിടുക. ഈ സമയത്ത് വിമാനസര്‍വീസുകളുണ്ടാവില്ല. പകല്‍സമയത്തെ ആഭ്യന്തര സര്‍വീസുകളും മാലിദ്വീപിയന്‍ എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വീസുകളും പുനഃക്രമീകരിക്കും. പുതിയ ഷെഡ്യൂള്‍ നവംബറില്‍ പുറത്തിറക്കും.
വിമാനത്താവളത്തിലെ 3373 മീറ്റര്‍ റണ്‍വേ 56 കോടി ചെലവിട്ട് അഹമ്മദാബാദിലെ ഖുറാനാ എന്‍ജിനിയറിംഗ് ലിമിറ്റഡ് പുതുക്കിപ്പണിയുകയാണ്. 15 വര്‍ഷത്തേക്ക് ഒരു വിള്ളല്‍പോലുമുണ്ടാകരുതെന്നതടക്കം കര്‍ശന വ്യവസ്ഥകളോടെയാണ് റീകാര്‍പെറ്റിംഗ്. റണ്‍വേയുടെ വശങ്ങളിലെ നവീകരണം ഏതാണ്ട് പൂര്‍ത്തിയായി. മദ്ധ്യഭാഗത്ത് 1856 മീറ്റര്‍ സ്ഥലത്തെ റീ കാര്‍പെറ്റിംഗ് ജോലികളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
റണ്‍വേ നവീകരണം മാര്‍ച്ച് 31ന് പൂര്‍ത്തിയാവുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവും. റണ്‍വേ അടച്ചിടുന്നതായി ലോകമെങ്ങുമുള്ള വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. ബോയിംഗിന്റെ വമ്പന്‍ വിമാനങ്ങളടക്കം പതിനഞ്ചോളം കമ്പനികള്‍ രാത്രിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ സര്‍വീസുകളെ ബാധിക്കാത്ത രീതിയിലാവും റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുക. തിരുവനന്തപുരത്ത് 2004ലാണ് ഒടുവില്‍ റണ്‍വേ നവീകരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button