ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയില്‍ (ഉന്‍ഗ) അബദ്ധജടിലമായ പരാമര്‍ശങ്ങള്‍ നിറച്ച് ഇന്ത്യയ്ക്കെതിരെ പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി നാം നല്‍കിയത് ന്യൂയോര്‍ക്കിലെ നമ്മുടെ യുഎന്‍ ദൗത്യസംഘത്തിലെ ഏറ്റവും ജൂനിയര്‍ ഓഫീസറായ ഈനം ഗംഭീറിനെക്കൊണ്ടാണ്. ഇത് ഇന്ത്യ കരുതിക്കൂട്ടി നടത്തിയ ഒരു നയതന്ത്രനീക്കമാണ്. പാകിസ്ഥാന്‍റെ പ്രധാനമന്ത്രിക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് തങ്ങളുടെ ഒരു ജൂനിയര്‍ ഓഫീസര്‍ തന്നെ ധാരാളമാണെന്ന സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത്.
നവാസ് ഷരീഫിന്‍റെ പ്രസംഗത്തിന് ശേഷം ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിന് സമീപമുള്ള ഇന്ത്യയുടെ സ്ഥിരം ഐക്യരാഷ്ട്രസഭാ പ്രതിനിധി സയ്യെദ് അക്ബറുദ്ദീന്‍റെ ഓഫീസില്‍ ഒത്തുകൂടിയ ഇന്ത്യന്‍ സംഘം ഏകദേശം 5 മണിക്കൂറോളം തക്കതായ ഒരു മറുപടിപ്രസംഗം തയാറാക്കുന്നതിനായി ചിലവഴിച്ചു. പാകിസ്ഥാനുമായി ബന്ധപ്പെട്ട നയതന്ത്രദൗത്യങ്ങളില്‍ ഏര്‍പ്പെട്ട് മുന്‍പരിചയമുള്ള സീനിയര്‍ ഉദ്യോഗസ്ഥന്മാരായ സയ്യെദ് അക്ബറുദ്ദീനും സുജാതാ മേത്തയും ഒക്കെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ഷരീഫിനുള്ള മറുപടി ഹൃസ്വവും കാര്യമാത്രപ്രസക്തവും, ശക്തമായ ഭാഷയിലുള്ളതും ആയിരിക്കണം എന്ന്‍ തീരുമാനമെടുത്ത ഇന്ത്യന്‍ സംഘം പൊതുസഭയില്‍ അത് മറുപടിപ്രസംഗത്തിന്‍റെ രൂപത്തില്‍ നല്‍കാനുള്ള ചുമതല തങ്ങളില്‍ ഏറ്റവും ജൂനിയര്‍ ആയ ഈനത്തെ ഏല്‍പ്പിക്കുകയായിരുന്നു. തന്നെ ഏല്‍പ്പിച്ച ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ഈനം പൊതുസഭയില്‍ 3-മിനിറ്റ് നീണ്ടുനിന്ന തന്‍റെ പ്രസംഗത്തിലൂടെ നവാസ് ഷരീഫിനും പാകിസ്ഥാനും ശക്തമായ മറുപടി നല്‍കിക്കൊണ്ട് അതിവേഗം താരപദവിയിലേക്കുയരുകയും ചെയ്തു.
Post Your Comments