കോഴിക്കോട്: കേരളവികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന സമഗ്ര ദര്‍ശനരേഖ ബിജെപികേരള ഘടകത്തിനു വേണ്ടി അഞ്ചംഗ വിദഗ്ധസംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും ആവശ്യമെങ്കില്‍ സ്വകാര്യസംരംഭകരുടെ സഹായത്തോടെയും കേരളത്തില്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കേണ്ട ഇരുപത് പദ്ധതികളുടെ പട്ടികയും വിദഗ്ധസംഘം പ്രധാനമന്ത്രിക്ക് നല്‍കി. അതു സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ചയും നടത്തി.
സി.വി. ആനന്ദബോസ്, ജെയിംസ് ജോസഫ്, ജി.സി. ഗോപാലപിള്ള, ഹരി.എസ്. കര്‍ത്താ, ആര്‍.എസ്.നായര്‍ (കണ്‍വീനര്‍) എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. മുന്‍ ഐഎസ്ആര്‍ഒ അദ്ധ്യക്ഷന്‍ ജി. മാധവന്‍ നായര്‍, മുന്‍വൈസ് ചാന്‍സലര്‍ വി.എന്‍.രാജശേഖരന്‍ പിള്ള എന്നിവരും ദര്‍ശനരേഖ തയ്യാറാക്കുന്നതില്‍ പങ്കാളികളായിരുന്നു.
കോവളം മുതല്‍ കാസര്‍കോട് വരെയുള്ള സ്മാര്‍ട്ട് വാട്ടര്‍ ഹൈവേ, ആഗോള ആയൂര്‍വേദ മിഷന്‍, ആറന്മുള കേന്ദ്രീകരിച്ച് പൈതൃകഗ്രാമം, പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ യുടെ ഭാഗമായി ‘മേക്ക് ഇന്‍ കേരള’ വ്യവസായ പാര്‍ക്കുകളുടെ ശൃംഖല, വിനോദസഞ്ചാരവികസനത്തിനായി സംസ്ഥാനത്തെ പുണ്യ നദികളേയും പുണ്യസ്ഥലങ്ങളേയും ചരിത്ര സ്ഥലങ്ങളേയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഗ്രേറ്റ് കേരള ഹെറിറ്റേജ് ട്രെയിന്‍, പമ്പാ ആക്ഷന്‍ പ്ലാനിനു പുറമേ ഭാരതപ്പുഴയും പെരിയാറും പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ്മപദ്ധതി, ലോക നിലവാരത്തിലുള്ള നേഴ്‌സസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കായി നൈപുണ്യ വികസന പരിപാടി, തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസിന്റെയും കൊല്ലത്തെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസിന്റെ പ്രവര്‍ത്തനവും പുനരാരംഭിക്കുക തുടങ്ങി ഇരുപത് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.
ദര്‍ശന രേഖ സംബന്ധിച്ചുള്ള വിദഗ്ധസംഘത്തിന്റെ വിശദീകരണം കേട്ട ശേഷം പ്രധാനമന്ത്രി അദ്ദേഹത്തിന്റേതായ ചില നിര്‍ദ്ദേശങ്ങള്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് മുന്നോട്ട് വച്ചു. കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിന് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ‘ഈ നാം’ പരിപാടി മാതൃകയാക്കാന്‍ അദ്ദേഹം ഉപദേശിച്ചു.
ദര്‍ശന രേഖയില്‍ അടങ്ങുന്ന പദ്ധതികളുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് വിഭ്യാഭ്യാസസംഘം വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തും.
കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമൂഹത്തിലെ വിവിധ ഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയും വിഭിന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചുമാണ് ദര്‍ശനരേഖ തയ്യാറാക്കിയത്.
Post Your Comments