ബംഗളൂരൂ● പുക മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ അടിയന്തിരമായി ഇറക്കി. വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് 173 യാത്രക്കാരുമായി പോയ ഇന്‍ഡിഗോ 6E-516 വിമാനമാണ് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്. എയര്‍ബസ് A320 വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് നിന്നാണ് പുക മുന്നറിയിപ്പുണ്ടായത്.
വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കിയ ഉടനെ വിമാന ജീവനക്കാരും വിമാനത്താവള അഗ്നിശമന സേനയും വിമാനത്തിന്റെ കാര്‍ഗോയില്‍ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് കുറച്ചുസമയത്തിന് ശേഷമാണ് വിമാനത്തിന്റെ കാര്‍ഗോയില്‍ നിന്ന് കോക്പിറ്റില്‍ പുക മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ബംഗളൂരു എ.ടി.സിയുമായി ബന്ധപ്പെട്ട പൈലറ്റ് ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനം നിലത്തിറക്കിയ ശേഷം യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിച്ച ശേഷമാണ് പരിശോധന നടത്തിയത്. സംഭവത്തെക്കുറിച്ച് ഡി.ജി.സി.എ അന്വേഷിക്കുന്നുണ്ട്.
Post Your Comments