ന്യുഡല്‍ഹി : ഇന്ത്യ ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പുവെക്കും. വെള്ളിയാഴ്ച ഫ്രാന്‍സ് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സ് ഡ്രെയിന്‍ ഇന്ത്യയിലെത്തുമ്പോഴാണ് ഒപ്പിടുക. അത്യാധുനിക സൗകര്യങ്ങളോടെ ഇരട്ട എന്‍ജിനുകളുള്ള ജെറ്റ് യുദ്ധവിമാനങ്ങളാണിവ. ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോര്‍ മിസൈല്‍, ഇസ്രായേലിന്റെ ഡിസ്‌പ്ലേ സംവിധാനത്തോടെയുള്ള ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാവും.കരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ സമിതിയോഗത്തിന് ശേഷം അധികൃതര്‍ അറിയിച്ചു.
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരാണ് സമിതിയിലുള്ളത്. വെള്ളിയാഴ്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്‌സ് ഡ്രെയിനുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കരാറില്‍ ഒപ്പിടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദും നാല് മാസം മുമ്പ് ഒപ്പിട്ട ധാരണാപത്രത്തിന്റെ തുടര്‍ച്ചയായിരുന്നു വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടന്നത്.കരാറിന്റെ ഭാഗമായി ഫ്രഞ്ച് കമ്പ നി ഇന്ത്യയില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്തണം. ഇതുവഴി ഒട്ടേറെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 36 യുദ്ധവിമാനങ്ങള്‍ക്കായി 59000 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Post Your Comments