കൊച്ചി: കെയുആർടിസിയും ജർമൻ വികസന ബാങ്കും കൊച്ചിയിലെ സിറ്റി സർവീസ് മികവുറ്റതാക്കാൻ ഒരുമിക്കും. സർവീസുകളുടെ നവീകരണത്തിന് തയ്യാറാക്കിയ 560 കോടി രൂപയുടെ പദ്ധതിയിൽ 80% തുകയായ 448 കോടി വായ്‌പ നൽകാമെന്ന് ജർമൻ വികസന ബാങ്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജൂലിയ ഷൂൾസ് അറിയിച്ചു.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നു മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ഫീഡർ സർവീസ് ആരംഭിക്കാനും കൊച്ചി മേഖലയുടെ വിവിധ ഭാഗങ്ങളിലേക്കു പുതിയതായി പരിസ്ഥിതിസൗഹൃദ ഗതാഗത സൗകര്യം ഏർപ്പെടുത്താനുമാണ് ഈ പണം ഉപയോഗിക്കുക. സിഎൻജിയിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന 783 ബസുകൾ വാങ്ങുമെന്നു കെയുആർടിസി സ്‌പെഷ്യൽ ഓഫീസർ ഭദ്രാനന്ദൻ പറഞ്ഞു.
വലുതും ചെറുതുമായി 3 തരത്തിലുള്ള വാഹങ്ങൾ ഉപയോഗിച്ചാവും സർവീസ്. ഒന്നിൽ 50 പേർക്കും മറ്റൊന്നിൽ 24 പേർക്കും അടുത്തതിൽ 16 പേർക്കും യാത്ര ചെയ്യാവുന്ന വാഹനങ്ങളാണ് നിരത്തിലിറക്കുന്നത്. ഇതിൽ 150 ബസുകൾ ശീതികരിച്ചവയായിരിക്കും. ബസുകൾ വാങ്ങാൻ മാത്രം 486 കോടി രൂപ ചെലവാകും. കൊച്ചി മെട്രോ കമ്മീഷൻ ചെയ്യുന്നത്തിനൊപ്പം സിറ്റി സർവീസും ആരംഭിക്കും. വായ്‌പ്പ സംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിക്കുമെന്നു ഭദ്രാനന്ദൻ പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധിതിയുടെ ഭാഗമായി കളമശേരിവരെ ഇപ്പോൾ പൈപ്പിലൂടെ സിഎൻജി ലഭ്യമാണ്.
കെയുആർടിസി ആദ്യ സിഎൻജി സ്റ്റേഷൻ ആലുവ റീജനൽ വർക്ക് ഷോപ്പിലാണ് സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തേവരയിലും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസുകൾ മെട്രോ സ്റ്റേഷനുകളോട് ചേർന്ന് ചാർജ് ചെയ്യാൻ സംവിധാനമുണ്ടാകും.തുടക്കത്തിൽ കെയുആർടിസി ബസുകളിലെ അതേ ടിക്കറ്റ് നിരക്കായിരിക്കും ഈ ബസുകളിൽ. പിന്നീട് മെട്രോ ട്രെയിനിലും വാട്ടർ മെട്രോയിലും സിറ്റി ബസ് സർവീസിലും ഒരേ ടിക്കറ്റ് ഏർപ്പെടുത്തും.
Post Your Comments