
ന്യൂഡല്‍ഹി● പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി ഇന്ത്യ ആലോചിക്കുന്നതായി സൂചന നല്‍കി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ഉറി ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
ലോകംമുഴുവന്‍ പാകിസ്ഥാനെ ഭീകരവാദത്തിന്റെ സ്പോണ്‍സര്‍ എന്ന് വിളിക്കുമ്പോഴും ആ രാജ്യം അത് നിഷേധിക്കുകയാണെന്ന് വികാസ് സ്വരൂപ് പറഞ്ഞു. സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന്, എല്ലാ സഹകരണ കരാറുകൾക്കും അതിൽ ഏർപ്പെടുന്ന കക്ഷികളുടെ ഉദ്ദേശശുദ്ധിയും പരസ്പര സഹകരണവും പ്രധാനമാണെന്നും അത് ഒരുവശം മാത്രമുള്ള ബന്ധമല്ലെന്നും വികാസ് സ്വരൂപ് മറുപടി നല്‍കി.
ഭീകരപ്രവർത്തനം തടയാൻ പാകിസ്ഥാൻ നടപടി എടുക്കുന്നില്ലെങ്കിൽ കരാർ റദ്ദാക്കാൻ മടിക്കില്ലെന്ന് തന്നെയാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അടക്കമുള്ളവർ നൽകുന്ന സൂചന.
1960 ലാണ് സിന്ധു നദീജല കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട കരാര്‍പ്രകാരം കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നീ നദികളിലെ വെള്ളത്തിന്റെ നിയന്ത്രണ അവകാശം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളായ സിന്ധു, ചനാബ്, ഝലം നദികളിലെ വെള്ളത്തിന്റെ അവകാശം പാകിസ്ഥാനുമാണ്. സിന്ധു നദിയില്‍ നിന്നുള്ള 80 ശതമാനം ജലവും ഇന്ത്യ പാകിസ്ഥാനാണ് നല്‍കുന്നത്.
ഇതിനിടയില്‍ നിരവധി തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളഷായിട്ടുണ്ടെങ്കിലും പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ തടസപ്പെടുത്തിയിട്ടില്ല. 2.6 ഏക്കര്‍ പ്രദേശത്തും-അതായത് പാകിസ്ഥാന്റെ ഭൂവിസ്തൃതിയുടെ 20 ശതമാനം- 60 ശതമാനം വീടുകളിലും കരാര്‍ പ്രകാരം ജലസേചനം ലഭ്യമാകുന്നു. കരാർ റദ്ദായാൽ പാകിസ്ഥാനെ അത് ഗുരുതരമായി ബാധിക്കും.
Post Your Comments