![](/wp-content/uploads/2016/09/1a13.jpg)
ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ (ലൈന്‍ ഓഫ് കണ്‍ട്രോള്‍) സുരക്ഷാപാളിച്ചയും, ഉറി സൈനികക്യാമ്പിലെ സുരക്ഷാസംവിധാനങ്ങളും, അതിലെ ദൗര്‍ബല്യങ്ങളും, ശരിയായ രീതിയില്‍ മനസിലാക്കിയതുമാണ് പാകിസ്ഥാനില്‍ നിന്ന്‍ അതിര്‍ത്തി കടന്നെത്തിയ ജയ്ഷ്-എ-മൊഹമ്മദ് ഭീകരര്‍ക്ക് 17-ഇന്ത്യന്‍ സൈനികരുടെ ജീവനെടുക്കുംവിധം മാരകമായ ഒരാക്രമണം നടത്താന്‍ സഹായകരമായതെന്നാണ് സംഭവത്തിനുശേഷമുള്ള വിദഗ്ദവിലയിരുത്തല്‍. പത്താന്‍കോട്ട് സൈനികതാവളത്തില്‍ ചാവേര്‍ ആക്രമണം നടത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യന്‍ സൈന്യത്തിന് ഇത്ര ഭീമമായ നഷ്ടമുണ്ടായ ഒരാക്രമണം കൂടി നടന്നു എന്നുള്ളത് തീര്‍ച്ചയായും നമ്മുടെ സുരക്ഷാഘടകങ്ങളെ അപമാനത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. കാശ്മീരിലെ അശാന്തിയുടെ പ്രധാന പ്രഭവകേന്ദ്രമായ ദക്ഷിണ കാശ്മീരിലെ കലാപാന്തരീക്ഷം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളില്‍ സൈന്യം ശ്രദ്ധപതിപ്പിച്ചിരിക്കെ, ഉത്തരകാശ്മീരില്‍ ഉണ്ടായ ഈ ആക്രമണം എല്ലാവിധത്തിലും ഒരാസൂത്രിത സ്വഭാവം ഉള്ളതാണ്.
ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍സൈന്യം വധിച്ചതിനെത്തുടര്‍ന്ന്‍ കാശ്മീരില്‍ ഉടലെടുത്ത അശാന്തിയുടെ അന്തരീക്ഷം മുതലെടുക്കാന്‍ അതിര്‍ത്തി വഴി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വമിപ്പിക്കുന്ന തീവ്രവാദത്തിന്‍റെ വിഷത്തിനെതിരെ ശക്തമായ രീതിയിലാണ് ഇന്ത്യന്‍ ഭരണനേതൃത്വം പ്രതികരിച്ചത്. ഉറി ആക്രമണത്തിന് കാരണക്കാരായവരെ ഒരുകാരണവശാലും വെറുതെവിടില്ല എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ആക്രമണത്തിന്‍റെ പൂര്‍ണ്ണഉത്തരവാദിത്തം പാകിസ്ഥാനാണെന്ന്‍ പറഞ്ഞ അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്താരാഷ്‌ട്രതലത്തില്‍ ഒറ്റപ്പെടുത്തേണ്ട ഒരു ഭീകരരാഷ്ട്രമാണ് പാകിസ്ഥാന്‍ എന്നും വ്യക്തമാക്കി.
2015, ജൂണില്‍ മണിപ്പൂരില്‍ നാഗാ തീവ്രവാദികള്‍ 18 ഇന്ത്യന്‍ സൈനികരെ ഗറില്ല ആക്രമണത്തിലൂടെ വധിച്ചതിനെത്തുടര്‍ന്ന്‍ കടുത്ത രീതിയില്‍ പ്രതികരിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്‍, അക്രമണം നടത്തിയശേഷം മണിപ്പൂരില്‍ നിന്ന്‍ പലായനം ചെയ്ത് മ്യാന്മര്‍ അതിര്‍ത്തികടന്ന്‍ കാടിനുള്ളില്‍ ഒളിച്ച ഭീകരരെ ഇന്ത്യ രഹസ്യാത്മകമായ സൈനിക ഓപ്പറേഷനിലൂടെ അന്താരാഷ്‌ട്ര അതിര്‍ത്തി ലംഘിച്ചുകൊണ്ട് വധിച്ചിരുന്നു. സൈന്യത്തിനും, കേന്ദ്രഗവണ്മെന്‍റിനും ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത ഇത്തരമൊരു നടപടി പക്ഷേ പാകിസ്ഥാന്‍റെ കാര്യത്തില്‍ പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ല. പാകിസ്ഥാന്‍ ഒരു ആണവശക്തിയാണെന്നതു തന്നെയാണ് ഇതിന്‍റെ ഏകകാരണം.
ആണവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ല എന്ന പ്രഖ്യാപിത നിലപാട് ഇന്ത്യയ്ക്കുണ്ടെങ്കിലും പാകിസ്ഥാന് അത്തരത്തിലുള്ള യുദ്ധമര്യാദകള്‍ ഒന്നുംതന്നെയില്ല. കര-വായു-നാവിക സേനകള്‍ തമ്മിലുള്ള ഒരേറ്റുമുട്ടലില്‍ തങ്ങളുടെ സൈന്യം ഇന്ത്യന്‍സൈന്യത്തിന്‍റെ മുന്‍പില്‍ ഒന്നുമല്ലെന്ന് നല്ല തിരിച്ചറിവുള്ള പാകിസ്ഥാന്‍, ഇന്ത്യയുമായുള്ള ഒരടിയന്തിര യുദ്ധസാഹചര്യം ഉരുത്തിരിയുന്ന ഘട്ടത്തില്‍ ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് തങ്ങളുടെ അണ്വായുധ ശേഖരത്തിലും, അത് എത്ര മാരകമായ രീതിയില്‍ ഇന്ത്യയുടെ മേല്‍ പ്രയോഗിക്കാം എന്ന സാധ്യതയിലുമാണ്. ആണവായുധത്തിന്‍റെ ഒരു “ഫസ്റ്റ് സ്ട്രൈക്കിന്” പാകിസ്ഥാന്‍ മുതിര്‍ന്നാല്‍തന്നെ തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത വിധം മാരകമായ ഒരു സ്ട്രൈക്ക് ഇന്ത്യയ്ക്ക് മേല്‍ നടത്തിയിട്ടേ അതുകൊണ്ട് പ്രയോജനമുള്ളൂ താനും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പിന്നെ പാകിസ്ഥാന്‍ നേരിടേണ്ടി വരുന്ന തിരിച്ചടികള്‍ വിവരണങ്ങള്‍ക്കതീതമായിരിക്കും.
നയതന്ത്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്നതായിരിക്കും ഇന്ത്യയ്ക്ക് സ്വീകരിക്കാന്‍ പറ്റിയ ഏറ്റവും പ്രായോഗികമായ തന്ത്രം. ഇപ്പോള്‍ത്തന്നെ സാര്‍ക്ക് കൂട്ടായ്മയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യയ്ക്ക് പുറമേ, അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശും ഭീകരതയ്ക്ക് വളംവയ്ക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാന്‍ എന്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരതയ്ക്ക് കുടപിടിക്കുന്ന തങ്ങളുടെ കുത്തഴിഞ്ഞ നടപടികള്‍ മൂലം പാശ്ചാത്യലോകത്തെ പ്രധാനപ്പെട്ട ശക്തികളുമായും പാകിസ്ഥാന്‍ അകന്നു കഴിഞ്ഞു. പാകിസ്ഥാന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന വമ്പന്‍ സൈനികസഹായ പാക്കേജില്‍ നിന്ന്‍ അമേരിക്ക പിന്മാറിയത് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ചൈന മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാന്‍റെ ഏകമിത്രം.
ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ഐക്യരാഷ്ട്രസഭയില്‍ വരെയെത്തിച്ച ഇന്ത്യയുടെ നടപടി പാകിസ്ഥാനെ വിറളി പിടിപ്പിച്ചിരുന്നു. തുടര്‍ന്ന്‍, പാക്-അധീന-കാശ്മീരില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നും പാക് അടിച്ചമര്‍ത്തലുകളുടെ ഇരയായ ഒട്ടനവധിപേര്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടും, പ്രസ്തുത വിഷയങ്ങളിലുള്ള ഇന്ത്യയുടെ ഇടപെടല്‍ ഇനിയും ശക്തമാക്കണം എന്ന അവശ്യമുന്നയിച്ചു കൊണ്ടും രംഗത്തു വന്നിരുന്നു. കാശ്മീരിലെ കലാപാന്തരീക്ഷം ഉപയോഗപ്പെടുത്തി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് കൊടുത്ത മുഖമടച്ചുള്ള ഒരടിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം.
ഉറി ആക്രമണം നടന്നത് സുപ്രധാനമായ ഐക്യരാഷ്ട്രസഭാ ജനറല്‍ അസ്സംബ്ലി യോഗത്തിന് മുന്നോടിയായാണ്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് കാശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ഒരുങ്ങിയാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതു തന്നെ. ബലൂചിസ്ഥാന്‍ വിഷയം യുഎന്നില്‍ ഉന്നയിച്ച് നയതന്ത്രരംഗത്ത് ഇന്ത്യ നേടിയ മേല്‍ക്കൈ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി കാശ്മീര്‍ വിഷയം ഉന്നയിച്ചാല്‍ നേടാമെന്ന് പാകിസ്ഥാന്‍ കരുതുന്നുണ്ടാകും. ഉറി ആക്രമണവും, അവിടെ പൊലിഞ്ഞ സൈനികരുടെ ജീവനുകളും ഓര്‍ത്തുള്ള ഇന്ത്യയുടെ കണ്ണുനീര്‍ ഒരിക്കലും തോരില്ല എങ്കിലും, ജനറല്‍ അസ്സംബ്ലി യോഗത്തിലെ പാക് ഗൂഡതന്ത്രങ്ങള്‍ പരാജയപ്പെടുത്താന്‍ ഉറിയിലെ പാക് ക്രൂരത മാത്രം ഉയര്‍ത്തിക്കാട്ടിയാല്‍ മതിയാകും ഇന്ത്യന്‍ സംഘത്തിന്. ഇതോടൊപ്പം തന്നെ അതിര്‍ത്തി ലംഘിക്കാതെയുള്ള സൈനിക നടപടികളിലൂടെയും പാകിസ്ഥാന് മറുപടി നല്‍കാനുള്ള ആലോചനകള്‍ സൈനികതലത്തില്‍ ഇന്ത്യ നടത്തുന്നുണ്ട്.
Post Your Comments