തളിപ്പറമ്പ് : തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കൊലപാതകത്തിന് കാരണമായത് സുഹൃത്തിനോടുള്ള അടങ്ങാത്ത പക. കുറ്റിക്കോല്‍ മുണ്ടപ്രം പുതിയപുരയില്‍ രജീഷാണ് കൊല്ലപ്പെട്ടത്.
നാട്ടിലെ ഉറ്റ സുഹൃത്തുക്കളാണ് രാഗേഷും രജീഷും. രാഗേഷ് ഗള്‍ഫിലും രജീഷ് പറശനികടവ് സ്കൂളിലെ പ്യൂണുമായിരുന്നു. രാഗേഷിന്റെ കാമുകിയെ രജീഷ് വശത്താക്കിയതാണ് നാടിനെ നടുക്കിയ കൊലയ്ക്ക് കാരണമായത്. ഇക്കഴിഞ്ഞ അഞ്ചാംതീയതിയാണ് പറശിനിക്കടവ് യു.പി സ്കൂള്‍ പ്യൂണായ കുറ്റിക്കോല്‍ മുണ്ടപ്രം പുതിയപുരയില്‍ രജീഷിനെ (34) കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയതാണ്. വൈകിട്ട് സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി നടക്കുന്നതിനാല്‍ വൈകിയേ വരൂവെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഏറെ വൈകിയും എത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പൊലീസില്‍ പരാതി നല്കി അന്വേഷണം നടത്തവേ, തിരുവോണ നാളില്‍ ബക്കളം ദേശീയപാതയ്ക്കരികിലെ പൂട്ടിയിട്ടിരിക്കുന്ന പ്ലൈവുഡ് കമ്പനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറില്‍ മൃതദേഹം കണ്ടെത്തി. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രജീഷിനെ കാണാതായ ദിവസം രാവിലെ 9.30ന് അംബാസിഡര്‍ കാറില്‍ രാഗേഷ് സ്കൂളിലെത്തിയിരുന്നു. ആ വഴിയ്ക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. രജീഷിനെ കണ്ടെത്താന്‍ പൊലീസ് സ്കൂളില്‍ നിന്ന് രജീഷിനെ കൂട്ടിക്കൊണ്ടുപോയ കാര്‍ പോയ വഴിയേ യാത്ര തുടങ്ങി. പ്രദേശത്തെ കടകളിലും മറ്റും റോഡിന് അഭിമുഖമായി വച്ചിരുന്ന സി. സി. ടി.വി കാമറകള്‍ പരിശോധിച്ചു. കാറും അതിന്റെ നമ്പറും കിട്ടി. ആര്. ടി ഓഫീസില്‍ നിന്ന് കാര്‍ ഉടമയുടെ മേല്‍വിലാസം വാങ്ങി. ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. കാര്‍ രാഗേഷ് വാടകയ്ക്ക് വാങ്ങിയെന്നും അപകടത്തില്‍ പരിക്കേറ്റയാളെ കാറില്‍ കയറ്റിയതിനാല്‍ കാര്‍ കഴുകിയാണ് തിരികെ നല്‍കിയതെന്നും പറഞ്ഞതോടെ കാര്യങ്ങള്‍ വ്യക്തമായി. കാര്‍ വാഷ് ചെയ്ത സ്ഥാപനത്തിലും പൊലീസെത്തി ചോദ്യം ചെയ്തു. സംഭവ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ വലിയ വാഹനാപകടത്തില്‍പ്പെട്ട ആരെയും കൊണ്ടുവന്നിട്ടില്ലെന്ന് അവിടെ നിന്ന് പൊലീസിനെ അറിയിച്ചു. കാര്‍ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോള്‍ രക്തക്കറ കണ്ടെത്താനും കഴിഞ്ഞു.
അഞ്ചിന് തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തി രജീഷുമായി പോയ രാഗേഷ് നേരത്തേ കണ്ടുവച്ചിരുന്ന പറശിനിക്കടവ് ആശുപത്രിക്ക് സമീപത്തെ വിജനമായ സ്ഥലത്ത് കാര്‍ നിറുത്തി. വിദേശത്തുനിന്ന് കൊണ്ടുവന്ന കത്തി ഉപയോഗിച്ച് സുഹൃത്തിനെ ആഞ്ഞുകുത്തി. മരിച്ചെന്ന് ഉറപ്പായപ്പോള്‍ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ടു. അതിനു മുമ്പ് രജീഷിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഭദ്രമായി സൂക്ഷിച്ചുവച്ചു. ഒരു മണിക്കൂറിന് ശേഷം കാറുമായി നെല്ലിയോട്ട് ദേശീയപാതയ്ക്കരികിലെ അടച്ചിട്ട പ്ലൈവുഡ് കമ്പനിയ്ക്ക് സമീപമെത്തി. സമീപത്തെ ഉപയോഗശൂന്യമായ കിണറായിരുന്നു ലക്ഷ്യം. പട്ടാപ്പകല്‍ പോലും ആരും വരാത്ത പ്രദേശമായിരുന്നു അത്. മൃതദേഹം വലിച്ചിഴച്ച് കിണറ്റില്‍ കൊണ്ടു തള്ളി. തുടര്‍ന്ന് കാര്‍ അതിന്റെ ഉടമയ്ക്കു തിരിച്ചു നല്കി പിറ്റേന്നു രാവിലെ രാഗേഷ് സൗദിയിലേക്ക് പറക്കുകയും ചെയ്തു.
കൊലപാതക ശേഷം കാര്‍ വൃത്തിയാക്കിയ ശേഷം കണ്ണൂരിലേക്ക് പോയ രാഗേഷ് മൃതദേഹത്തില്‍ നിന്ന് കൈക്കലാക്കിയ രജീഷിന്റെ മൊബൈല്‍ ഫോണില്‍ താന്‍ നേരത്തെ വാങ്ങി വച്ചിരുന്ന സിംകാര്‍ഡ് ഇട്ട്, അതുവഴി കടന്നുപോവുകയായിരുന്ന ഒരു തമിഴ്നാട് രജിസ്ട്രേഷന് ചരക്കുലോറിയില്‍ തിരുകിവച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നീങ്ങുമെന്ന ധാരണയില്‍ അന്വേഷണത്തെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യം. ദൃശ്യം സിനിമയാണ് ഇതിന് പ്രേരണയായതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രനും എസ്.ഐ പി. രാജേഷും നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതകളുടെ ചുരുളഴിഞ്ഞത്.
Post Your Comments