തിരുനെല്‍വേലി: സ്വാതി വധകേസ് പ്രതി രാം കുമാറിന്റെ അച്ഛന്‍ മകന്‍ ആത്മഹത്യ ചെയ്തതല്ല പോലീസ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തി. മകന്റെ മരണത്തിന് ഉത്തരവാദികള്‍ പോലീസ് ആണെന്നും സംഭവത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്നും അച്ഛന്‍ പരമശിവം ആവശ്യപ്പെട്ടു.രാം കുമാര്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍ ആത്മഹത്യ ചെയ്തത്.
എന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, പോലീസാണ് അവനെ കൊന്നതെന്നുമായിരുന്നു അച്ഛന്‍ പരമശിവത്തിന്റെ പ്രതികരണം. മകന്‍ ആത്മഹത്യ ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല. അതിന് തക്ക കാരണങ്ങള്‍ ഒന്നും ഇല്ല. സ്വാതി കൊലപാതക കേസില്‍ പോലീസ് അവനെ കുരുക്കുകയായിരുന്നു. ഇത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് അറിയിച്ച് ജയിലില്‍ നിന്നും ഞായറാഴ്ച വൈകിട്ട് നാലരയോടെ തങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നെന്നും ഒരു മണിക്കൂറിനകം മാധ്യമങ്ങളിലൂടെ മകന്‍ മരിച്ച വാര്‍ത്തയാണ് കേട്ടതെന്നും പരമശിവം പറഞ്ഞു. മകന്‍ ദലിതനായതിനാല്‍ അവനെതിരെ നീക്കം നടക്കുകയാണെന്ന് രാംകുമാര്‍ അറസ്റ്റിലായപ്പോള്‍ പരമശിവം ആരോപിച്ചിരുന്നു.
Post Your Comments