NewsIndia

പാകിസ്ഥാന് നേരെ തിരിച്ചടിക്കാന്‍ അനുമതി ചോദിച്ച് ഇന്ത്യന്‍ സേന; കശ്മീരിലെ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം

ശ്രീനഗര്‍: കാശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് വ്യക്തമായതോടെ 17 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സേന. പാക്കിസ്ഥാന്‍ കേന്ദ്രമായ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരസേന വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നും ആക്രമണത്തിന് ഉപയോഗിച്ചത് പാക് നിര്‍മ്മിത ആയുധങ്ങളാണെന്നും കരസേന വ്യക്തമാക്കി.
ഭീകരരെല്ലാം പുറത്തു നിന്നുള്ളവരാണെണന്നും ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്നുകിടക്കുന്ന ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഉണ്ടായ ചാവേറാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മ്മിത വസ്തുക്കള്‍, നാല് എ.കെ 47 തോക്കുകള്‍, നാല് ഗ്രനേഡ് ലോഞ്ചറുകള്‍, യുദ്ധ സമയത്ത് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയതായി ഡിജിഎംഒ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു.
പാക്കിസ്ഥാനോട് ഇനിയും ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇന്ത്യന്‍ നിലപാട് അതുകൊണ്ട് തന്നെ അതിര്‍ത്തി കടന്നും പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കണമെന്ന വികാരമാണ് സേനയ്ക്കുള്ളില്‍ ശക്തമായിരിക്കുന്നത്. അതേസമയം അനുമതി നല്‍കുന്നതിന് മുന്നോടിയായി മുതിര്‍ന്ന സൈനിക മേധാവികളുമായും മുതിര്‍ന്ന നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയാണ്. അധികം വൈകാതെ തന്നെ തിരിച്ചടിക്കുള്ള അനുമതി അദ്ദേഹം നല്‍കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള തിരിച്ചടി കനത്തതാകുമെന്ന് ബോധ്യപ്പെടുത്തും വിധത്തിലുള്ള ആക്രമണത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം അതിര്‍ത്തി കടക്കാതെ തന്നെ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പാക്കിസ്ഥാനെ നിലയ്ക്കു നിര്‍ത്താന്‍ സൈന്യത്തിന്
കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യം ശക്തമാണ്. മുന്‍ ആര്‍മി ജനറല്‍മാരും ഇതേ ആവശ്യക്കാരാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി അവര്‍ത്തിക്കുകയാണ്. അതുകൊണ്ട് തന്നെ സമാധാനത്തിന്റെ ഭാഷയിലല്ല ഇന്ത്യ സംരിക്കേണ്ടതെന്നാണ് പൊതുവികാരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവരുമായി കൂടിയാലോചനകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി മോദി. അതിര്‍ത്തിയില്‍ ഇതോടെ യുദ്ധസമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ നുഴഞ്ഞു കയറിയ ഭീകരര്‍ തുരുതുരാ വെടിയുതിര്‍ത്തും ചാവേറായി പൊട്ടിത്തെറിച്ചുമാണ്
ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സൈനിക കേന്ദ്രത്തില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഗ്രനേഡുകള്‍ പൊട്ടി സൈനിക കൂടാരങ്ങള്‍ക്ക് തീപിടിച്ചു. ആക്രമണം നടന്നതോടെ തന്നെ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി. ഉറിയിലേക്കുള്ള ഗതാഗതം തടഞ്ഞു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്നുള്ളവരെ പോലും ഇവിടെ തടഞ്ഞിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button