ന്യൂഡല്‍ഹി: ഓള് ഇന്ത്യ റേഡിയോയുടെ സേവനം പാകിസ്താനിലെ ബലൂചിസ്ഥാന്‍ ജനതയ്ക്ക് വ്യാപകമായി ലഭ്യമാക്കുന്നതിന് ആകാശവാണി പ്രത്യേക വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചു. വെബ്സൈറ്റിന്റെയും മൊബൈല്‍ അപ്ലിക്കേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രസാര്‍ ഭാരതി ചെയര്മാന് സൂര്യ പ്രകാശ് ആണ്. പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലൂചിസ്താനികള്‍ക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാതന്ത്ര ദിനത്തില്‍ പ്രസംഗിച്ചിരുന്നു. തുടർന്നാണ് ആകാശവാണിയുടെ പുതിയ നീക്കം.
1975ല്‍ ബലൂചിസ്താനിലെ പ്രാധാന ഭാഷയായ ബലൂചിയിലുള്ള പ്രക്ഷേപണം ആകാശവാണി ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാന്-പാകിസ്താന് മേഖലകളില്‍ ആകാശവാണിയുടെ ബലൂചി ഭാഷയിലുള്ള പരിപാടികള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റിലും മൊബൈലിലും പുതിയ സംവിധാനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പാകിസ്താന് ബലൂചിസ്ഥാനില്‍ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ വാദികള്‍ മോഡിക്ക് നന്ദി അറിയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയതും വാര്‍ത്തയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തി ഇന്ത്യ പാകിസ്താനെ വിമര്‍ശിച്ചിരുന്നു. ദൂരദര്‍ശന്റെ വാര്‍ത്താ വിഭാഗം ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹുന്താഗ് ബൂട്ടിയുമായി അഭിമുഖം നടത്തുകയും ചെയ്തിരുന്നു.
Post Your Comments