Kerala

മനസാക്ഷിയെ ഞെട്ടിക്കുന്ന വിധി; ഉടന്‍ തന്നെ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത്രയധികം തെളിവുകളുണ്ടായിട്ടും സൗമ്യ വധക്കേസിലെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യക്ക് നീതി ലഭിക്കാന്‍ വേണ്ട എല്ലാ നടപടികളും ചെയ്യും. സുപ്രീംകോടതി വിധിയെക്കതിരെ ഉടന്‍ തന്നെ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും പിണറായി പറഞ്ഞു.

പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം ഇതിനായി തേടുമെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദച്ചാമിക്കെതിരെ എല്ലാ തെളിവുകളുമുണ്ട്. ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിട്ടുള്ള വിധി പ്രസ്താവം വിചാരണക്കോടതിയിലടക്കം തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കും വിധമുള്ളതാണ്.

ഗോവിന്ദച്ചാമിക്ക് ഇപ്പോള്‍ നല്‍കിയ ശിക്ഷ ഒരു ശിക്ഷയേ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണ് ഈ വിധിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പുനല്‍കാനും എല്ലാ ശ്രമങ്ങളും നടത്തും. സൗമ്യയുടെ ഓര്‍മ്മയ്ക്ക് നീതി കിട്ടാന്‍ വേണ്ടി പഴുതടച്ച് എല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button