ജനീവ: വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രണ്ടു മാസം പിന്നിടുമ്പോ ള്‍ കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍. അതേസമയം, കശ്മീരിലെ സംഘര്‍ഷം അതിര്‍ത്തിക്കപ്പുറത്തുനിന്നു ചിട്ടപ്പെടുത്തുന്നതാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.കശ്മീരില്‍ ഇന്ത്യ അമിതമായി സൈനിക ബലം ഉപയോഗിക്കുന്നതായി പല കോണുകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ചു തികച്ചും വ്യത്യസ്തങ്ങളായ വിശദീകരണങ്ങളാണ് ഇരുകൂട്ടരും നല്‍കുന്നതെന്നുംയുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ സയീദ് റാദ് അല്‍ ഹുസൈൻ ചൂണ്ടിക്കാട്ടി.
യുഎന്‍ മനുഷ്യാവകാശ സമിതി അയയ്ക്കുന്ന സംഘത്തെ നിയന്ത്രണരേഖയ്ക്ക് ഇരുപുറവും, അതായത് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരും പാക്ക് അധിനിവേശ കശ്മീരും സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കശ്മീര്‍ വിഷയത്തില്‍ ഇരുകൂട്ടരും ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ പരിശോധിക്കുന്നതിനും നിജസ്ഥിതി വിലയിരുത്തുന്നതിനും യുഎന്‍ സംഘത്തെ കശ്മീരില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. ഇതിനു പാക്കിസ്ഥാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്നും ഇന്ത്യയും ഇക്കാര്യത്തില്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു.
ഇതിനോടു കരുതലോടെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ പങ്ക് അംഗീകരിക്കുമ്ബോള്‍തന്നെ, സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിനു പ്രാമുഖ്യം നല്‍കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. കശ്മീരിനെ പാക്ക് അധിനിവേശ കശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നിങ്ങനെ വിശേഷിപ്പിച്ച യുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്റെ വാക്കുകളിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ടുതന്നെ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്നും യുഎന്നിലെ സ്ഥിരം ഇന്ത്യന്‍ പ്രതിനിധി അജിത് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഗമായുള്ള പ്രദേശം നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നവരാണു പാക്കിസ്ഥാന്‍. അതുകൊണ്ടുതന്നെ ഇരുഭാഗങ്ങളെയും ഒരു കാരണവശാലും താരതമ്യപ്പെടുത്താന്‍ പാടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.ബലൂച്ചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ ഇന്നലെ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 33- ആം സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
Post Your Comments