വാഷിംങ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ന്യൂമോണിയ മൂലം പ്രചരണ രംഗത്ത് നിന്ന് മാറിയതിനെ തുടർന്ന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്.തൊഴിലാളി വര്‍ഗ്ഗ വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചാണ് ഒബാമ രംഗത്തെത്തിയിരിക്കുന്നത്.
ഒബാമ ഫിലാഡെല്‍ഫിയയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ട്രംപിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചിരിക്കുന്നത്. പ്രസിഡന്റെന്ന നിലയില്‍ 50 %നു മുകളില്‍ ജനപിന്തുണയുള്ള ഒബാമ പ്രചരണരംഗത്ത് സജീവമായതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. ട്രംപ് അധ്വാനവര്‍ഗത്തെ പറ്റി യാതൊരു ഉത്കണ്ഠയുമില്ലാതെ കഴിഞ്ഞ 70 വര്‍ഷം ഈ ഭൂമിയില്‍ കഴിഞ്ഞയാളാണെന്ന് ഒബാമ പറഞ്ഞു.
ഒബാമ ഇതാദ്യമായാണ് ഹിലരിക്ക് പകരമായി ഒരു പ്രചരണപരിപാടിയില്‍ പങ്കെടുക്കുന്നത്. 8 വര്‍ഷത്തെ ഭരണത്തിന് ശേഷം അടുത്ത ജനുവരിയില്‍ സ്ഥാനമൊഴിയുകയാണ് ഒബാമ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധികാരതുടര്‍ച്ചക്കായുള്ള ശ്രമത്തിന്റെ ഭാഗങ്ങളാണ് ഒബാമയുടെ ചൂടേറിയ പ്രചരണപരിപാടികള്‍.
ഹിലരി ന്യൂമോണിയ പിടിപെട്ട് ന്യൂയോര്‍ക്കിലെ ചപ്പാക്ക്വയില്‍ വിശ്രമത്തിലാണ് . കഴിഞ്ഞ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചെങ്കിലും ഞായറാഴ്ച സെപ്റ്റംബര്‍ 11 അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവെ കുഴഞ്ഞുവീഴുമ്പോഴാണ് പുറംലോകം അറിയുന്നത്.
ഹിലരിയുടെ അഭാവത്തെ പരമാവധി മുതലെടുക്കാനാണ് എതിരാളി ട്രംപിന്റെ ശ്രമം. ട്രംപിനെ പിന്തുണക്കുന്നവര്‍ പരിതാപകരമായ മനസ്ഥിതിയുള്ളവരാണെന്ന ഹിലരിയുടെ പ്രസ്താവനയാണ് ഇതിനായി ട്രംപ് ഉപയോഗിക്കുന്നത്. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുകയും അവിടുത്തെ ജനങ്ങള്‍ക്ക് നല്ല ഭാവിയുണ്ടാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന അധ്വാനിക്കുന്ന വര്‍ഗമാണ് അമേരിക്കന്‍ ജനതയെന്ന് ട്രംപ് പറഞ്ഞു.
Post Your Comments