Kerala

കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ് 

ബംഗളൂരു● കാവേരി ജലതര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷ ഭരിതമായ ബംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്. സാറ്റലൈറ്റ് ബസ് സ്റ്റാൻഡില്‍ കേടായ ബസ് മാറ്റിയിടുമ്പോഴാണ് സംഭവം.

അക്രമം പടരുന്നതിനെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്ഗോപാൽ നഗർ, കാമാക്ഷിപാളയ, വിജയ് നഗർ, കെങ്കേരി, രാജാജി നഗർ, മഗഡി തുടങ്ങിയ ഇടങ്ങളിലാണ് കർഫ്യൂ. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേരളം 100 പേരടങ്ങുന്ന പോലീസ് സംഘത്തെ അയച്ചു. സംഘം പുലർച്ചെ മൂന്നു മണിയോടെ കർണാടകയിലെത്തി. മാണ്ഡ്യയിൽ നിന്നു കേരള അതിർത്തി വരെ വാഹനങ്ങൾക്കു എസ്കോർട് നൽകും. കുടുങ്ങികിടക്കുന്ന മലയാളികൾക്ക് ഭക്ഷണവും താമസവും കേരളസർക്കാർ ക്രമീകരിക്കും. ഇതിന്റെ ഏകോപനത്തിനായി കോ–ഓർഡിനേറ്ററെ നിയമിച്ചു. ഇവിടേക്കു ബന്ധപ്പെടേണ്ട നമ്പർ: 09535092715.

അതേസമയം, മലയാളികൾക്ക് നാട്ടിലെത്താൻ പ്രത്യേക ട്രെയിൻ അനുവദിച്ചു. ബംഗളൂരു –തിരുവനന്തപുരം സ്പെഷൽ ട്രെയിനാണ് റെയിൽവേ അനുവദിച്ചത്. രാവിലെ 11.15 ന് ബംഗളൂരുവിൽനിന്ന് ട്രെയിൻ പുറപ്പെടും. കണ്ണൂരില്‍ നിന്നുള്ളവര്‍ക്ക് ഷൊര്‍ണൂരില്‍ ഇറങ്ങാം. അവിടെ നിന്നും കണ്ണൂരിലേക്ക് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തും. അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മലയാളികൾക്ക് നാട്ടിലെത്താൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button