ബംഗളുരു: കാവേരി നദീജല തര്‍ക്കത്തില്‍ കോടതിവിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിൽ ബംഗളുരുവിൽ അക്രമം പടരുന്നു. അതിനിടെ ഒരു നിരപരാധിയെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തുവന്നു. ഒരു തമിഴ്നാട് സ്വദേശിയായ യുവാവിനെ ഒരു കൂട്ടം ആളുകള്‍ വടികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. തമിഴ്നാട് രജിസ്ട്രേഷന്‍ ടെമ്പോ ട്രാവലര്‍ ആക്രമിക്കുന്നതിനിടെ വാഹനത്തില്‍ നിന്നിറങ്ങി ഓടിയ യുവാവിനെയാണ് അക്രമികള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുന്നത്.
വൈകുന്നേരം അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. തമിഴ്നാട് ആസ്ഥാനമായ കെ.പി.എന്‍ ട്രാവല്‍സിന്റെ വോള്‍വോ, സ്കാനിയ ബസുകള്‍ അടക്കം 56 ഓളം ബസുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. 250ഓളം വാഹനങ്ങള്‍ ഇതിനോടകം കത്തിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ നോക്കിയാണ് ആക്രമണം. 10 ഓളം കേരള ആര്‍.ടി.സി ബസുകള്‍ കത്തിക്കാന്‍ അക്രമി സംഘം എത്തിയെങ്കിലും കേരള ബസുകള്‍ ആണെന്നറിഞ്ഞ് പിന്മാറിയതായും റിപ്പോര്‍ട്ടുണ്ട്.
ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഓണമാഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികള്‍ പലരും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബസ് സ്റ്റാന്‍ഡുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.
Post Your Comments