ന്യൂഡല്‍ഹി:മദ്യരാജാവ് വിജയ് മല്യ പാസ്പോര്‍ട്ട് റദ്ദായതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാത്തതെന്ന് ഡല്‍ഹി കോടതിയെ അറിയിച്ചു. ഇക്കാരണത്താല്‍ ഇന്ത്യയിലേക്ക് വരണമെന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നാണ് ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് മുമ്പാകെ അഭിഭാഷകന് മുഖേന മല്യ അറിയിച്ചത്. ഏപ്രില്‍ 23-ന് പാസ്പോര്‍ട്ട് റദ്ദാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും മല്യയുടെ പറയുന്നു.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് മല്യയ്ക്കെതിരെ നിരവധി കേസുകളുണ്ടെന്നും മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. അടുത്തമാസം നാലിന് വീണ്ടും കേസ് പരിഗണിക്കും. വിദേശ ഫണ്ട് കൈമാറ്റ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിതേടാതെ ബ്രിട്ടീഷ് കമ്പനിയുമായി സാമ്പത്തിക ഇടപാട് നടത്തിയ കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2000-ത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിങ്ഫിഷറിന്റെ ലോഗോ പതിപ്പിക്കുന്നതിന് രണ്ടുലക്ഷം ഡോളര്‍, മല്യ വിദേശ കമ്പനിക്ക് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞമാസം കോടതി പിൻവലിച്ചിരുന്നു.
ഇപ്പോള്‍ സുപ്രീംകോടതിയില്‍ ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്ക് 9000 കോടിയിലേറെ കുടിശ്ശികവരുത്തിയതിന് മല്യയ്ക്കെതിരായ കേസ് നിലനില്‍ക്കുന്നുണ്ട്. എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യയ്ക്കെതിരെ പരാതിപ്പെട്ടത്.
Post Your Comments