തിരുവനന്തപുരം: അഴിമതിക്കഥകള്‍ പുറത്തുവന്നാല്‍ തനിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഭയന്ന ബാബു സ്വത്ത്‌സമ്പാദനവുമായി ബന്ധപ്പെട്ട രേഖകള്‍ കടത്തിയതായി വിജിലന്‍സ്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് ബാബു കടത്തിയത്. കഴിഞ്ഞദിവസം ബാബുവിന്റേയും ഭാര്യ ഗീതയുടേയും പേരിലുള്ള അക്കൗണ്ടുകളും ലോക്കറും വിജിലന്‍സ് പരിശോധിച്ചിരുന്നു. തൃപ്പുണിത്തുറ ജംഗ്ഷനിലെ എസ്ബിടി ബാങ്കിലെ ബാബുവിന്റേയും വടക്കേക്കോട്ട എസ്.ബി.ഐ ശാഖയില്‍ ഭാര്യ ഗീതയുടേയും പേരിലുള്ള ലോക്കറുകളില്‍ ഒന്നും ഉണ്ടായിരുന്നില്ല.
ആയിരം രൂപയില്‍ താഴെ മാത്രമാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ബാബുവിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കര്‍ തുറന്നതായി ബാങ്കിലെ രേഖകളില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ രേഖയും പണവും ബാബു എടുത്തതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ വിജിലന്‍സ് സംഘം ഇന്നലെ നടത്തിയ പരിശോധനയില്‍ ഏകദേശം 120 പവന്‍ സ്വര്‍ണം കണ്ടെടുത്തു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ തന്റെ കുടുംബസ്വത്താണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് അന്വേഷണസംഘത്തോട് വിശദീകരിച്ചു. തൃപ്പുണിത്തുറയിലുള്ള യൂണിയന്‍ ബാങ്കിലെ ഐശ്വര്യയുടെ പേരിലുള്ള ലോക്കറാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്.
ബാബുവിനെ ഒരാഴ്ച്ചയ്ക്കുള്ളില്‍ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബാബുവിന് ഉടന്‍ നോട്ടീസ് നല്‍കും. ഐശ്വര്യയുടെ പാലാരിവട്ടത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലോക്കറില്‍ ആദ്യം നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബാങ്ക് ലോക്കറും പരിശോധിച്ചത്. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചില്‍ പരിശോധന നടത്തിയിരുന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് ലോക്കറും പരിശോധിച്ചു. ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Post Your Comments