Kerala

നാട് അനുഗ്രഹം ചൊരിഞ്ഞു, രമ്യയും മഞ്ജുവും പുതുജീവിതത്തിലേക്ക്

പത്തനംതിട്ട● മുഹൂര്‍ത്തം 10.30ന് രമ്യയുടെയും മഞ്ജുവിന്റേയും ജീവിതം താലിചാര്‍ത്തി. നാടിനെയും നാട്ടാരെയും സാക്ഷിയാക്കി മഹിളാമന്ദിരത്തില്‍ നിന്ന് പുതിയ ജീവിതത്തിലേക്ക് ഇരുവരും വലതുകാല്‍ വച്ച് കയറി. ഇനി രമ്യയ്ക്ക് തണലായി ശിവശങ്കരനും മഞ്ജുവിന് കൂട്ടായി മനുവുമുണ്ട്.

കോഴഞ്ചേരി മഹിളാമന്ദിരത്തിലെ അന്തേവാസികളായിരുന്നു രമ്യയും മഞ്ജുവും. കോഴഞ്ചേരി പഞ്ചായത്ത് മൈതാനത്തെ ഹാളിലായിരുന്നു വിവാഹം. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ രമ്യയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മഞ്ജുവിന്റേയും രക്ഷാകര്‍ത്തൃസ്ഥാനത്തു നിന്നാണ് വിവാഹം നടത്തിയത്. മഞ്ജു കഴിഞ്ഞ പത്ത് വര്‍ഷമായി മഹിളാമന്ദിരത്തിലുണ്ട്. രമ്യ എത്തിയിട്ട് മൂന്നു വര്‍ഷമായി. പെണ്‍കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടു. രണ്ടു പേരുടെയും വീട്ടുകാര്‍ക്കും പൂര്‍ണ സമ്മതം. അങ്ങനെ വിവാഹ തീയതിയും മുഹൂര്‍ത്തവും നിശ്ചയിക്കുകയായിരുന്നു. സാമൂഹ്യനീതി വകുപ്പിന് അപേക്ഷ നല്‍കിയാണ് ഇരുവരും പെണ്‍കുട്ടികളെ കണ്ടെത്തിയത്.

”മലപ്പുറത്താണ് ആദ്യം അന്വേഷിച്ചത്. അവിടെ മഹിളാമന്ദിരത്തില്‍ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളില്ലാത്തതിനാല്‍ കോഴഞ്ചേരിയിലെത്തി,” ശിവശങ്കരന്‍ പറഞ്ഞു. ഇലക്ട്രീഷ്യനാണ് ശിവശങ്കരന്‍. മനു വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കാണ്. മഞ്ജുവിനും രമ്യയ്ക്കും സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപ വീതവും ആറ് പവന്‍ വീതം ആഭരണവും നല്‍കി. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വീണാ ജോര്‍ജ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ എന്നിവരും അനുഗ്രഹം നേരാന്‍ എത്തിയിരുന്നു. എല്ലാത്തിനും നേതൃത്വം നല്‍കാന്‍ മഹിളാമന്ദിരം സൂപ്രണ്ട് കെ. വി. ബിന്ദുവുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button