Kerala

ഓണം വാമനജയന്തി : ആര്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം

ഓണത്തിന്റെ ഐതിഹ്യം തന്നെ മാറ്റി പറയുന്നതിനെതിരെ പ്രതികരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ ശശികല ടീച്ചറുടെ പ്രസ്താവനയെയും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്. ഓണം വാമനജയന്തിയായി ആഘോഷിക്കുന്നതിനെതിരെയാണ് ബലറാമിന്റെ പോസ്റ്റ്. ഓണത്തെപ്പോലും വര്‍ഗീയമായി മാറ്റുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് ബല്‍റാം കുറ്റപ്പെടുത്തുന്നു.

ബല്‍റാമിന്റെ പോസ്റ്റിങ്ങനെ…എന്തുകൊണ്ടാണ് ഞങ്ങളൊക്കെ ഈ ടൈപ്പ് ആളുകളെ എതിര്‍ക്കേണ്ടി വരുന്നതെന്ന് ഇതൊക്കെ കാണുമ്പോഴെങ്കിലും നിഷ്‌ക്കളങ്കരായ ഹൈന്ദവ സഹോദരീ സഹോദരന്മാര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നു. എത്രയോ വര്‍ഷങ്ങളായി ഏതാണ്ടെല്ലാ മലയാളികളും ജാതി, മത ഭേദമന്യേ കേരളത്തിന്റെ ഒരു പൊതു ആഘോഷമായി ഏറ്റെടുത്ത ഓണത്തെപ്പോലും വര്‍ഗീയമായും വിഭാഗീയമായും മാറ്റാനുള്ള ഇത്തരം സംഘ് പരിവാര്‍ നീക്കങ്ങളെയാണ് നമുക്കൊക്കെ തുറന്ന് കാണിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടി വരുന്നത്.

ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് നിലവിളക്ക് പോലുള്ളവയും വിവാദമാവുന്നത്. അതായത് ഒരു നാട്ടാചാരം എന്ന നിലയില്‍ സാധാരണഗതിയില്‍ എല്ലാവര്‍ക്കും ഒരുപക്ഷേ യോജിക്കാവുന്ന നിലവിളക്ക് കൊളുത്തല്‍ പോലും പലര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളെ ഹനിക്കുന്നതായി തോന്നാനിടവരുത്തുന്നത് മറുഭാഗത്തുനിന്ന് വിളക്ക് കൊളുത്തലിനെ ഒരു ഹൈന്ദവാചാരമാക്കി മാറ്റാനുള്ള സംഘ് പരിവാറിന്റെ നീക്കങ്ങളാണ്. വിളക്ക് കൊളുത്തുന്നതിനുപിന്നില്‍ ഒരു ‘ശാസ്ത്ര’മുണ്ട്, അതങ്ങനെയാണ് കൊളുത്തേണ്ടത്, ഇങ്ങനെയാണ് കൊളുത്തേണ്ടത് എന്നൊക്കെ ചിലര്‍ ഏകപക്ഷീയമായി വിധി പ്രസ്താവിക്കുമ്പോള്‍ ‘എന്നാപ്പിന്നെ നിങ്ങളായി നിങ്ങടെ പാടായി, ഇത്രയൊക്കെ ബുദ്ധിമുട്ടി വിളക്ക് കൊളുത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല’ എന്ന് താത്പര്യമില്ലാത്തവര്‍ക്ക് പറയേണ്ടി വരും. അപ്പോള്‍പ്പിന്നെ ‘നിങ്ങള്‍ക്കെന്താ കൊളുത്തിയാല്? വിളക്ക് വെളിച്ചമല്ലേ? വെളിച്ചത്തോടെന്തിനാ അലര്‍ജി?’ എന്നൊന്നും പരിതപിച്ചിട്ട് കാര്യമില്ല.

അതുകൊണ്ട് ഓണത്തെ ഒരു മതേതര ആഘോഷമെന്നതില്‍ നിന്ന് മാറ്റി സവര്‍ണ്ണവല്‍ക്കരിക്കാനും ഹിന്ദുത്വവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളൊക്കെ മിത്തുകള്‍ അഥവാ കെട്ടുകഥകള്‍ തന്നെയാണ്. അതില്‍ മഹാബലിയുടെ കഥ തെറ്റ്, വാമനന്റെ കഥ മാത്രം ശരി എന്നൊക്കെ വാശിപിടിക്കുന്നതും വളച്ചൊടിക്കുന്നതും ശുദ്ധഭോഷ്‌ക്കാണ്. പഴയ കാര്‍ഷിക സമൂഹത്തിലെ വിളവെടുപ്പുത്സവത്തില്‍ നിറം പിടിപ്പിക്കാനായി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതോ തന്നത്താന്‍ വന്നുചേര്‍ന്നതോ ആയവ തന്നെയാണ് ഈ മിത്തുകളും വിശ്വാസങ്ങളുമൊക്കെ. അതില്‍നിന്ന് ഭേദപ്പെട്ട മിത്തിനെ സ്വീകരിക്കുക എന്നതേ നമുക്ക് ചെയ്യാനാവൂ. ആ സ്വീകാര്യമായ മിത്ത് ദലിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലിയുടേത് തന്നെയാണ്, ബ്രാഹ്മണ്യത്തെ പ്രതിനിധീകരിക്കുന്ന വാമനന്റേതല്ല. ആദ്യം കുറേക്കാലം മഹാബലിയെ പൂണൂലിടീപ്പിക്കാന്‍ നോക്കിയതും പിന്നീടിപ്പോള്‍ ശരിക്കുള്ള ബ്രാഹ്മണനേത്തന്നെ മഹാബലിയെന്ന കീഴാളനുമേല്‍ പ്രാധാന്യത്തോടെ അവരോധിക്കുന്നതും ഒരേ ആശയത്തിന്റെ തുടര്‍ച്ച തന്നെയാണ്.

മഹാബലി അഹങ്കാരിയായിരുന്നു എന്നതാണത്രേ ഏറ്റവും വലിയ കുറ്റം! സ്വന്തം ശരികളില്‍ വിശ്വാസമുള്ള, ജനങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന ആളുകള്‍ മറ്റ് സ്ഥാപിത താത്പര്യക്കാരുടെ കണ്ണില്‍ അല്‍പം അഹങ്കാരികള്‍ തന്നെയായിരിക്കും. പ്രത്യേകിച്ചും വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാന്‍ കൂടി തുടങ്ങുമ്പോള്‍. അപ്പോള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ചതിപ്രയോഗത്തിലൂടെ വെട്ടിവീഴ്ത്തുക എന്നതല്ലാതെ അസൂയക്കാര്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ല. ഏതായാലും നന്മയും ധര്‍മ്മവും സ്ഥാപിക്കാനെന്ന പേരില്‍ ജനപ്രിയനായ ഒരു ഭരണാധികാരിയെ അട്ടിമറിച്ചവര്‍ക്കൊപ്പമല്ല മലയാളികളുടെയെങ്കിലും മനസ്സ് എന്നതാണ് ഇന്ത്യയില്‍ മറ്റെവിടെയുമില്ലാത്ത ഇങ്ങനെയൊരാഘോഷം കേരളത്തില്‍ സാധ്യമാക്കിയത്. അതുകൊണ്ട് നമുക്ക് ഓണത്തെ ഇങ്ങനെത്തന്നെ നിലനിര്‍ത്താം, ഈ നാടിനെ വാമനന്മാര്‍ക്കായി വിട്ടുകൊടുക്കാതിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button