KeralaNews

അധ്യാപകരെ ‘ആപ്പിലാക്കി’ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഓഫീസ് സമയത്തെ ആഘോഷങ്ങളും ഓണപ്പൂക്കളവും നിയന്ത്രിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ നിയന്ത്രിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പും. ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വേണ്ടി അക്കാദമിക് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഒപ്പു വച്ചിരിക്കുന്ന സര്‍ക്കുലറില്‍ ഇക്കാര്യം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണെന്ന് പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് വിദ്യാഭ്യാസവകുപ്പ് തടഞ്ഞിട്ടുണ്ട്.

സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ അധ്യാപക സംഘടനാ പ്രവര്‍ത്തനം ഉള്‍പ്പെടെ വാട്‌സാപ്പിലൂടെയും മറ്റും ചെയ്തുകൊണ്ടിരിക്കുന്ന പല അധ്യാപകര്‍ക്കും ഇത് ആപ്പാകുമെന്നാണ് കേള്‍ക്കുന്നത്.

കുട്ടികളുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഈയിടെ ഇറങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. എന്നാല്‍ ‘മൊബൈല്‍ഫോണ്‍ ഉപയോഗ നിയന്ത്രണ സര്‍ക്കുലറിന്’ പൊതു സ്വീകാര്യത ലഭിച്ചമട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button