KeralaNews

അര്‍ധരാത്രി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നാടന്‍ ബോംബ് ആക്രമണം

തിരുവനന്തപുരം : നഗരഹൃദയത്തില്‍ കുന്നുകുഴിയില്‍ അര്‍ധരാത്രി ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫിസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. നാടന്‍ ബോംബ് ആക്രമണമാണെന്നു ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഏറുപടക്കമാണെന്നാണു പൊലീസിനു കിട്ടിയ ആദ്യ സൂചന.
രാത്രി 12 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു മ്യൂസിയം എസ്.ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമായില്ല. വിവരമറിഞ്ഞു ബിജെപി പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. സ്ഥലത്തു വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.

shortlink

Post Your Comments


Back to top button