ദുബായ് : എണ്ണ വിലയിടിവു തടയാന്‍ വിപണിയില്‍ ഇടപെടാന്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും തമ്മില്‍ ധാരണ. റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കും സൗദി എണ്ണമന്ത്രി ഖാലിദ് അല്‍ ഫലീഹുമാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചൈനയിലെ ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണു ധാരണയ്ക്കു കളമൊരുങ്ങിയത്. മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും എണ്ണവിലയിലെ ചാഞ്ചാട്ടം അവസാനിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനു സംയുക്ത മേല്‍നോട്ടസമിതി രൂപീകരിക്കാനും റഷ്യ-സൗദി ചര്‍ച്ചയില്‍ തീരുമാനമായി.
റഷ്യ സൗദി നീക്കം സംബന്ധിച്ച ആദ്യ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്നലെ ബ്രെന്റ് ക്രൂഡ് വില അഞ്ചു ശതമാനം വരെ ഉയര്‍ന്നെങ്കിലും പിന്നീടു കുറഞ്ഞു. ബാരലിനു 49.38 ഡോളര്‍ വരെയെത്തിയ വില പിന്നീടു 47.36 ഡോളറായാണു കുറഞ്ഞത്. കഴിഞ്ഞ ദിവസത്തെ വില 46.83 ഡോളര്‍. ഉല്‍പാദനത്തിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം പിന്നീടേ ഉണ്ടാകൂ എന്നറിഞ്ഞതോടെയാണു വില കുറഞ്ഞത്.
അല്‍ജീരിയയില്‍ 26 മുതല്‍ 28 വരെ നടക്കുന്ന രാജ്യാന്തര ഊര്‍ജ ഫോറത്തോടനുബന്ധിച്ച് ഒപെക്കിന്റെ (എണ്ണരാജ്യങ്ങളുടെ കൂട്ടായ്മ) അനൗദ്യോഗിക യോഗവും ചേരുന്നുണ്ട്. ഒപെക് അംഗമല്ലാത്ത റഷ്യയും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഉല്‍പാദന നിയന്ത്രണത്തിനായി ഏപ്രിലില്‍ ദോഹയില്‍ നടന്ന റഷ്യ-ഒപെക് യോഗം പരാജയപ്പെട്ടതിനു ശേഷമുള്ള സുപ്രധാന നീക്കമാണിത്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള തര്‍ക്കമായിരുന്നു ഏപ്രിലില്‍ യോഗം പരാജയപ്പെടാനുള്ള കാരണം. നിലവിലുള്ള ഉല്‍പാദന തോത് വര്‍ധിപ്പിക്കരുതെന്ന പൊതുനിര്‍ദേശം ഇറാനു സ്വീകാര്യമായില്ല. ഉപരോധം അവസാനിച്ചു രാജ്യാന്തര എണ്ണവിപണിയില്‍ തിരിച്ചെത്തിയ അവരുടെ ഉല്‍പാദനം പൂര്‍ണതോതിലാകുന്നതേയുള്ളൂ എന്നതായിരുന്നു കാരണം.
ഒപെക് ചര്‍ച്ചകളോടു സഹകരിക്കുമെന്ന് ഇപ്പോള്‍ ഇറാനും അറിയിച്ചിട്ടുണ്ട്. ഉല്‍പാദന നിയന്ത്രണത്തിന്റെ കാര്യത്തില്‍ പൊതുധാരണയുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. റഷ്യ ഉല്‍പാദന നിയന്ത്രണത്തിനു വരെ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സൗദി ഇക്കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല. റഷ്യ – സൗദി നീക്കത്തെ കുവൈത്തും യുഎഇയും സ്വാഗതം ചെയ്തു.
Post Your Comments