NewsIndia

യു.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിയ്ക്കാന്‍ രാഹുല്‍ മാജിക്: ചായ് പേ ചര്‍ച്ചയെ അനുകരിച്ച് രാഹുല്‍

ഡിയോറിയ: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ രാഹുല്‍ തന്ത്രം. പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ കോണ്‍ഗ്രസിന്റെ ‘കിടക്ക’ തന്ത്രം പരീക്ഷിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്ന ദിയോറിയ രുദ്രാപൂരിലെ മൈതാനത്ത് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത് 2,000 ഘാട്ടുകള്‍. നമ്മുടെ കയറ്റുകട്ടില്‍ പോലെയുള്ള ഘാട്ടുകള്‍ സ്ഥാപിച്ചതു വഴി കര്‍ഷകരുമായി നേരിട്ട് സംവദിക്കാനാണ് രാഹുലിന്റെ നീക്കം.
‘ഘാട്ട് സഭ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഉത്തര്‍പ്രദേശിലെ അണികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉത്സാഹ ഭരിതരാക്കാനും 27 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് മികച്ച തിരിച്ചുവരവ് നടത്താനും ലക്ഷ്യമിട്ട് രാഹുല്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് പര്യടനത്തിന്റെ ഭാഗമാണ്. കര്‍ഷകരുമായി വഴിയരികില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഉള്‍പ്പെടെ ദിയോരിയയില്‍ നിന്നും 2,500 കിലോ മീറ്റര്‍ യാത്രയാണ് രാഹുലിന്റെ പരിപാടി.

ഏകദേശം ഒരു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന യാത്രയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ 403 നിയോജക മണ്ഡലങ്ങളിലെ 223 എണ്ണത്തിലൂടെ കടന്നുപോകും. യാത്രയ്ക്കിടയില്‍ ഗ്രാമങ്ങളില്‍ വിശ്രമിച്ച് കര്‍ഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ നേരിട്ടറിയും. ഇതിനൊപ്പം കര്‍ഷകരില്‍ നിന്നും നിവേദനങ്ങളും സ്വീകരിക്കും. യാത്രയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അദ്ദേഹത്തിനൊപ്പം പ്രചരണത്തില്‍ പങ്കാളികളാകുകയും ചെയ്യും.

അതേസമയം രാഹുലിന്റെ പരിപാടിയെ മോഡിയുടെ ‘ചായ് പേ ചര്‍ച്ച’ പരിപാടിയുടെ കോപ്പിയടിയായുള്ള വിമര്‍ശനവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചായ് പേ ചര്‍ച്ച പരിപാടി വിജയിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ തന്നെയാണ് രാഹുലിന്റെ പരിപാടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിതിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പഇ സമാജ്‌വാദി പാര്‍ട്ടി സീറ്റുകള്‍ തൂത്തു വാരിയപ്പോള്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ മാത്രമായിരുന്നു കിട്ടിയത്. അതേസമയം രണ്ടു വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോണിയയും രാഹുലും മാത്രമായിരുന്നു ജയിച്ചത്.

shortlink

Post Your Comments


Back to top button