
തിരുവനന്തപുരം:മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിക്കുന്നു.ആദായ നികുതി റെയ്ഡില്‍ മുന്‍ മന്ത്രിമാരുള്‍പ്പെടെ നിരവധി പേരുടെ നിക്ഷേപമുണ്ടെന്ന വിവരം വിജിലന്‍സ് ലഭിച്ചു. ഇതേ തുടര്‍ന്ന് നിക്ഷേപത്തിന്റെ വിവരങ്ങള്‍ കൈമാറണമെന്ന് കാണിച്ച് ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കുകകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിവരങ്ങള്‍ ജേക്കബ് തോമസിന് ലഭിക്കുമെന്നാണ് സൂചന. പൊതുപ്രവര്‍ത്തകരുടേയും കുടുംബാഗങ്ങളുടേയും ബിനാമികളുടേയും നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് ശ്രമം.
പലരും യഥാര്‍ത്ഥ പേരിലല്ല നിക്ഷേപം നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രമുഖര്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെ മുത്തൂറ്റില്‍ ഇത്തരത്തില്‍ സംശയകരമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ ആദായ വകുപ്പിന് ലഭിച്ചിരുന്നു.12 മുതല്‍ 15 ശതമാനം വരെ പലിശയ്ക്ക് പൊതുമേഖല ബാങ്കുകളില്‍ നിന്നും പണം വായ്പയെടുത്ത ശേഷം സ്വര്‍ണ പണയം ഉല്‍പ്പടെയുള്ളവയുടെ പേരില്‍ ഇതിന്റെ ഇരട്ടിയിലധികം നിരക്കിനാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്.
ഇത്തരത്തില്‍ വന്‍ ലാഭം കൊയ്യുന്ന വിവരങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നത് അടുത്തിടെ ആദായ നികുതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ്. ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ റെയ്ഡില്‍ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ പലതും സംശയകരമായ നിക്ഷേപങ്ങളാണെന്ന് തെളിഞ്ഞു. പലരും യഥാര്‍ത്ഥ പേരിലല്ല നിക്ഷേപം നടത്തിയത്.
മുന്‍ മന്ത്രി കെ ബാബുവിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദ്യത്തിനു വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തിരുന്നു. ഇതേ രീതിയിൽ നേതാക്കളുടെ ബിനാമി ഇടപാടുകള്‍ ഉള്‍പ്പടെ കണ്ടെത്താനാണ് വിജിലന്‍സ് നീക്കം.അതേസമയം വ്യക്തമായ വിവരങ്ങളില്ലാതെയുള്ള ഇത്തരം റെയ്ഡുകള്‍പകപോക്കലിന്റെ ഭാഗമായി പുതിയ സര്‍ക്കാര്‍ ചെയ്ത്കൂട്ടുന്നതാണെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.
Post Your Comments