ചേര്‍ത്തല: മകൻ പള്ളിയിൽ പോകാത്തതിനെതുടർന്ന് അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച് ഇടവക. സംസ്ക്കരിക്കണമെങ്കിൽ മാപ്പ് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടർന്ന് ചേര്‍ത്തല കളവംകോടം ചെന്നാട്ട് സ്വദേശിനി എംപി ലീലാമ്മ (72) യുടെ മൃതദേഹമാണ് ഹിന്ദു ആചാരപ്രകാരം ശാന്തിയുടെ കാര്‍മികത്വത്തില്‍ ദഹിപ്പിച്ചു.
ലീലാമ്മയുടെ മകനായ ജി.ഷിജു പള്ളിയില്‍ പതിവായി പോകാതെ വിശേഷ അവസരങ്ങളില്‍ മാത്രം പോയിരുന്നതിന്റെ പേരിലാണ് മാപ്പ് അപേക്ഷ എഴുതി കൊടുത്താൽ മാത്രമേ ദഹിപ്പിക്കാൻ സാധിക്കൂ എന്ന് വികാരി അറിയിച്ചത്. മാപ്പ് എഴുതി നൽകാൻ ഷിജു തയാറല്ലാത്തതു കൊണ്ട് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു . പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തുന്നതിനു തയാറായിരുന്നെങ്കിലും ഷിജുവിന്റെ പിടിവാശി കാരണമാണ് അതിനു കഴിയാതെ പോയതെന്നു വികാരി ഫാ. പി.എ. ആന്റണി പറഞ്ഞു. ഏറെ കാലമായി പള്ളിയുമായി സഹകരണമില്ലാതിരുന്നയാളാണു ഷിജു. പള്ളിയില്‍ തന്നെ സംസ്കാരം നടത്തുന്നതിനു ഞായറാഴ്ച പുലര്‍ച്ചെ വരെ ഇടവകാംഗങ്ങള്‍ ശ്രമിച്ചിരുന്നതായി വികാരി വിശദീകരിച്ചു.
മൃതദേഹം ഹിന്ദു ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മകന്‍ ഷിജു ചിതയ്ക്ക് തീ കൊളുത്തി. സഞ്ചയനം 8ന് രാവിലെ 10ന് നടക്കും. പട്ടണക്കാട് ഗവ.ഹൈസ്കൂള്‍ റിട്ട.ഹെഡ്മിസ്ട്രസായിരുന്നു ലീലാമ്മ
Post Your Comments