IndiaNews

ആണും പെണ്ണും ഒന്നിച്ചിരിക്കരുത് മുടിയഴിച്ചിട്ടും ലിപ്സ്റ്റിക് തേച്ചും വരരുത് കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പെരുമാറ്റച്ചട്ടം ഇങ്ങനെ

മംഗലാപുരം : യുവാക്കളെ സദാചാരം പഠിപ്പിക്കുന്നതു രാജ്യത്ത് പുതുമയല്ല. സദാചാരപൊലീസിന്റെ പേരിലുള്ള അക്രമങ്ങളും പതിവാണ്. ഇതാ, മംഗലാപുരത്ത് ഒരു കോളജില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം പാലിക്കാനായി ഒരു നിയമാവലി പുറത്തിറക്കിയിരിക്കുന്നു. മംഗലാപുരത്തെ സെന്റ് അലോഷ്യസ് പ്രീ യൂണിവേഴ്‌സിറ്റി കോളജിലാണ് സംഭവം. പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നിയമാവലിയിലെ ഉള്ളടക്കം.

സെന്റ് അലോഷ്യസ് പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും സിഎന്‍എന്‍ ന്യൂസ് 18ലെ മാധ്യമപ്രവര്‍ത്തകയുമായ സാത്ഷ്യ അന്ന തരിയനാണ് കോളജില്‍ പെണ്‍കുട്ടികളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാനേജ്‌മെന്റ് നടപ്പാക്കുന്ന നിയമങ്ങള്‍ പുറത്തുവിട്ടത്. തന്റെ ബ്ലോഗിലൂടെയാണ് സാത്ക്ഷ്യയുടെ വെളിപ്പെടുത്തല്‍. സാത്ഷ്യയുടെ ബ്ലോഗിലൂടെ സംഭവം പുറത്തുവന്നതു മുതല്‍ ഇക്കാര്യം വിവിധ സോഷ്യല്‍മീഡിയാ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്തുവരികയായിരുന്നു.

നിയമാവലി പെണ്‍കുട്ടികള്‍ക്കു നല്‍കിയതിനു പുറമേ പെണ്‍കുട്ടികളുടെ മാത്രം യോഗം വിളിച്ചുചേര്‍ത്ത് നിയമങ്ങള്‍ പാലിക്കണമെന്ന് അധ്യാപകര്‍ അന്ത്യശാസനം നല്‍കുകയും ചെയ്തതായും ബ്ലോഗില്‍ പറയുന്നു.
നിയമാവലിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ പാടില്ല. നിറമില്ലാത്ത ലിപ് ഗ്ലോസ് ഉപയോഗിക്കാം. മെയ്ക്കപ്പ് സാധനങ്ങള്‍ ബാഗില്‍ കൊണ്ടുവരാന്‍ പാടില്ല. പിടികൂടിയാല്‍ അവ മടക്കി നല്‍കുന്നതല്ല. കണ്‍മഷിയോ കണ്ണില്‍ യാതൊരു മേയ്ക്കപ്പോ ഉപയോഗിക്കാന്‍ പാടില്ല. നെയില്‍ ആര്‍ട്ടും ടാറ്റുവും പാടില്ല. കുടുംബചടങ്ങുകള്‍ക്ക് ക്ലാസ്‌ഗൈഡിന്റെ മുന്‍കൂര്‍ അനുമതിയോടെ കൈവെള്ളയില്‍ മാത്രം മെഹന്ദിയാകാം. എല്ലാ വിദ്യാര്‍ഥികളും കറുത്ത പാദരക്ഷകള്‍ മാത്രം ഉപയോഗിക്കുക, മുടി ഉയര്‍ത്തിയോ താഴ്ത്തിയോ കെട്ടിവയ്ക്കാന്‍ പാടില്ല. മുടി വിടര്‍ത്തിയിടാന്‍ പാടില്ല. ലേഡീസ് റൂമിലല്ലാതെ മറ്റൊരിടത്തും വച്ചു മുടി ചീകാനോ ഹെയര്‍ക്ലിപ്പുകള്‍ അഴിക്കാനോ പാടില്ല. മുടിയില്‍ കളറിംഗ് പാടില്ല. യൂണിഫോമില്‍ മാറ്റംപാടില്ല. കോളര്‍ബട്ടന്‍ ഒഴിച്ചു ഷര്‍ട്ടിന്റെ എല്ലാ ബട്ടനുകളും ഇടണം. ഒരു പെണ്‍കുട്ടിയും കാമ്പസിനുള്ളില്‍ ആണ്‍കുട്ടികളുമായി ഇടപഴകാന്‍ പാടില്ല.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം സ്പര്‍ശിക്കരുത്, ആണ്‍കുട്ടികളുടെ ഗ്രൂപ്പും ഒറ്റപ്പെണ്‍കുട്ടിയുമോ പെണ്‍കുട്ടികളുടെ ഗ്രൂപ്പും ഒറ്റ ആണ്‍കുട്ടിയും തമ്മില്‍ ഇടപഴകാന്‍ പാടില്ല. ചുംബിക്കുക, ആലിംഗനം ചെയ്യുക, പ്രകോപനപരമായ പെരുമാറ്റം എന്നിവയുണ്ടാകാന്‍ പാടില്ല. ക്ലാസ് കഴിഞ്ഞാല്‍ മരത്തണലുകളില്‍ ഇരിക്കാന്‍ പാടില്ല. ക്ലാസ്‌റൂമിലോ കാന്റീനിലോ പിറന്നാളാഘോഷം പാടില്ല. കൃത്യമായ കാരണമില്ലാതെ ലൊയോള ഹാളില്‍ പോകരുത്. ആണ്‍കുട്ടിക്കോ ആണ്‍കുട്ടികളോടോ ഒപ്പം പാര്‍ക്കിംഗ് ഏരിയ, പാര്‍ക്ക്, ബുക്ക് സ്റ്റോര്‍, പ്രിട്ടോറിയം, ബസ് സ്റ്റാന്‍ഡ്, ഡിഗ്രി ബ്ലോക്ക്, സയന്‍സ് ബ്ലോക്ക്, മ്യൂസിയം ഹാള്‍ എന്നിവിടങ്ങളില്‍ പോകരുത്.

ക്ലാസ് കട്ട് ചെയ്യരുത്പബുകളിലോ പാര്‍ട്ടികളിലോ പോകരുത്. ഉച്ചയ്ക്കുശേഷം ഭക്ഷണം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയും കാമ്പസ് വിട്ടുപോകരുത്. ബ്രേക്ക് സമയങ്ങളില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടികളുമായി മറ്റു ക്ലാസുകളില്‍ പോകാന്‍ പാടില്ല. എതിര്‍ലിംഗത്തില്‍പെട്ടവരുമായി സമൂഹത്തിലെ നിയമങ്ങള്‍ക്ക് അതീതമായി ഒരു പെരുമാറ്റവും പാടില്ല. എതിര്‍ലിംഗത്തില്‍ പെട്ടവരുമായി ശാരീരിക ബന്ധം ഗുരുതരമായി പരിഗണിക്കപ്പെടും. കാമ്പസിനുള്ളില്‍ ച്യൂയിംഗം നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടാല്‍ കടുത്ത നടപടികളുണ്ടാകും.

നിയമലംഘനം കണ്ടെത്തിയാല്‍ ഏതു ടീച്ചര്‍ക്കും പെണ്‍കുട്ടിയെ താക്കീതു ചെയ്യാനും അഞ്ഞൂറു രൂപ ഫൈന്‍ ഈടാക്കാനും കഴിയും. ക്ലാസ് ഗൈഡിന് മാപ്പെഴുതി നല്‍കണം. കൗണ്ടര്‍ നമ്പര്‍ ആറില്‍ ഫൈന്‍ അടയ്ക്കണം. രണ്ടാംതവണ ഫൈന്‍ അടയ്‌ക്കേണ്ടിവന്നാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ഏഴു ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കോളജില്‍നിന്നു പുറത്താക്കും.

താന്‍ അലോഷ്യസിലെ പഠനകാലത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും തന്റെ ജീവിതത്തിലെ നല്ല രണ്ടു വര്‍ഷങ്ങളാണ് അവിടെ ചെലവഴിച്ചതെന്നും പറഞ്ഞുകൊണ്ടാണ് കോളജിന്റെ സ്ത്രീവിരുദ്ധ പ്രവണ സാത്ഷ്യ പുറത്തുകൊണ്ടുവന്നത്. ഇത്തരത്തില്‍ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതു ശരിയല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞുകൊണ്ടാണ് സാത്ഷ്യ ബ്ലോഗ് അവസാനിപ്പിക്കുന്നത്. രണ്ടാവര്‍ഷ പരീക്ഷയ്‌ക്കൊരുങ്ങിയ സമയത്ത് ആണ്‍കുട്ടിയായ സഹപാഠിയോടൊപ്പം ചെലവഴിച്ചതിനു നേരിടേണ്ടിവന്ന അപമാനവും ബ്ലോഗില്‍ സാത്ഷ്യ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button