NewsIndia

രാഷ്ട്രപതി ഭവൻ കേരളമായി

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രപതിഭവനില്‍ ആദ്യമായി നടന്ന ഓണാഘോഷം രാജ്യതലസ്ഥാനത്ത് ഒരു നവ്യാനുഭവമായി.തെയ്യവും കഥകളിയും മയൂരനൃത്തവും മോഹിനിയാട്ടവും കളരിപ്പയറ്റുമെല്ലാം നിറഞ്ഞാടിയപ്പോൾ രാഷ്ട്രപതിഭവന്‍ രണ്ട് മണിക്കൂര്‍ കേരളമായി.കൈരളി എന്ന് പേരിട്ട ഓണാഘോഷങ്ങളുടെ തനിമ ആസ്വദിക്കാന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയുമടങ്ങിയ പ്രൗഢസദസ്സ് ആദ്യവസാനമുണ്ടായിരുന്നു.ചെറുതാഴം കുഞ്ഞിരാമ മാരാരുടെ നേതൃത്വത്തില്‍ നടന്ന വാദ്യമഞ്ജരിയോടെയായിരുന്നു കലാവിരുന്നിന് തുടക്കം. ചെണ്ടയും തിമിലയും മദ്ദളവും ശംഖും ഇടചേര്‍ന്നപ്പോള്‍ വേദി ഉത്സവലഹരിയിലായി .തുടര്‍ന്ന് പ്രശസ്ത നര്‍ത്തകി ഡോ. ജയപ്രഭാ മേനോനും സംഘവും മോഹിനിയാട്ടത്തിന്റെ ചുവടുകളുമായി അരങ്ങേറി.കേരളത്തിലെയും ഡല്‍ഹിയിലെയും കലാകാരന്‍മാരാണ് വേദിയില്‍ അണിനിരന്നത്.

ഗീതോപദേശം കഥകളി, ടി.എം.പ്രേംനാഥിന്റെ മയൂരനൃത്തം, തിരുവനന്തപുരം റിഗാറ്റ കള്‍ച്ചറല്‍ സൊസൈറ്റി അവതരിപ്പിച്ച കേരളനടനവും ഒപ്പനയും തിരുവാതിരയും, തൃശ്ശൂര്‍ വി.കെ.എം.കളരി സംഘത്തിന്റെ കളരിപ്പയറ്റ്, നാരായണ പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യം എന്നീ കേരളീയ കലാരൂപങ്ങൾ വേദിയിൽ നിറഞ്ഞാടി.മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ സംസാരിച്ചു. കലാസന്ധ്യക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഗവര്‍ണര്‍ പി.സദാശിവം, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍, സംസ്ഥാനമന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, മെഴ്‌സിക്കുട്ടിയമ്മ കെ.കെ.ശൈലജ, കെ.ടി.ജലീല്‍, എ.സി.മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, എ.കെ.ശശീന്ദ്രന്‍, സി.പി.എം.നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, സി.പി.ഐ. നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി.രാജ, എം.പി.മാര്‍ തുടങ്ങിയവര്‍ ഓണാഘോഷങ്ങളില്‍ പങ്കെടുത്തു.

ആയുര്‍വേദാചാര്യനായ ധന്വന്തരിയുടെ ചന്ദനശില്പം മുഖ്യമന്ത്രി രാഷ്ട്രപതിക്ക് സമ്മാനിച്ചു.കൂടാതെ കലാകാരന്‍മാര്‍ക്ക് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉപഹാരങ്ങള്‍ നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button