ദുബായ് : ദുബായിൽ ഭാവി നഗരാസൂത്രണത്തിന്റെ മാതൃകയായി വമ്പൻ നഗരപദ്ധതി വരുന്നു. ജുമൈറ സെൻട്രൽ എന്ന പദ്ധതി 4.7 കോടി ചതുരശ്രയടിയിലാണു ആരംഭിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷെയ്ഖ് സായിദ് റോഡിനോടു ചേർന്നുള്ള പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പദ്ധതി ദുബായിയുടെ ഭാവിവികസനത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചുമുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ്.
സാമൂഹിക കാഴ്ചപാടിൽ നഗരാസൂത്രണം, പരിസ്ഥിതി തുടങ്ങിയവ കണക്കിലെടുത്ത് ഈ രംഗത്തു പുതിയ രാജ്യാന്തര അളവുകോൽ സൃഷ്ടിക്കുന്നതാണ് പദ്ധതി. പത്തൊൻപതിലേറെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ, രാജ്യാന്തര വിദഗ്ധർ, കൺസൽറ്റന്റുമാർ തുടങ്ങിയവർ ചേർന്നു കഴിഞ്ഞ രണ്ടുവർഷംകൊണ്ടാണ് ദുബായ് ഹോൾഡിങ്ങിന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയത്. ബഹുമുഖ ഗതാഗത ശൃംഖല, സ്മാർട് ലോകത്തെ മികച്ച അടിസ്ഥാനസൗകര്യം, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ, കാലാവസ്ഥാ നിയന്ത്രിത കൂടാരങ്ങൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സൈക്ലിങ്, കാൽനട തുടങ്ങിയവയ്ക്ക് ആധുനിക സൗകര്യവും ഇക്കൂട്ടത്തിലുണ്ട്.
ജുമൈറ സെൻട്രലിൽ ഒരുലക്ഷത്തോളം പേരെ ഒരുവർഷം ഉൾക്കൊള്ളാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. 35,000 പേർക്കു താമസസൗകര്യമുണ്ടാകും. 33 പാർക്കുകളും തുറന്ന സ്ഥലങ്ങളുമായി സൈക്ലിങ്ങിനു സൗകര്യമുണ്ടാകും.25 പോയിന്റുകളാണു വാഹനങ്ങക്ക് എത്താനായി പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്. സ്കൂളുകൾ, ഓഫിസുകൾ, പാർക്കുകൾ, ഷോപ്പിങ് സെന്ററുകൾ, സ്മാർട് പൊലീസ് സേവനം, മറ്റു സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ട്. മൂന്നു മാളുകൾ ഉൾപ്പെടെ 90 ലക്ഷം ചതുരശ്രയടി റീടെയ്ൽ കേന്ദ്രങ്ങൾ, 45 ലക്ഷം ചതുരശ്രയടി തുറന്ന ഷോപ്പിങ് കേന്ദ്രങ്ങൾ, 44,000 കാർ പാർക്കിങ് സ്ഥലങ്ങൾ, സന്ദർശകരെ ലക്ഷ്യമാക്കി 7200 ഹോട്ടൽമുറികൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഷെയ്ഖ് മുഹമ്മദ് രാജ്യാന്തരതലത്തിൽ നഗരങ്ങളുടെ വികസനത്തിന് അളവുകോലായി മാറുന്ന ദുബായിയുടെ വികസനം തുടരുമെന്നു പറഞ്ഞു. ഭാവിയുടെ നഗരം നിർമിക്കാനും സന്തോഷവും പ്രവർത്തനനിരതവുമായ സമൂഹം സൃഷ്ടിക്കാനുമുള്ള പ്രവർത്തനത്തിൽ ജുമൈറ സെൻട്രൽ നാഴികക്കല്ലാവും. സാമ്പത്തികരംഗത്തുള്ള നിക്ഷേപങ്ങൾ നിർത്തില്ല. ഇത്തരം പദ്ധതികൾ വളർച്ചയുടെ വേഗം വർധിപ്പിക്കുന്ന ഉപകരണങ്ങളാണ് . സാമ്പത്തിക വ്യവസ്ഥയുടെ കരുത്തിലും രാജ്യത്തിന്റെ ഭാവിയിലും ശുഭാപ്തിവിശ്വാസമാണുള്ളത്. ആ ദർശനത്തിനായി ഞങ്ങൾ വികസിക്കുകയും വളരുകയും ചെയ്യുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി, ദുബായ് പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വകുപ്പു ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ, ദുബായ് ഹോൾഡിങ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഹമ്മദ് ബിൻ ബയാത്, ദുബായ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഫാദിൽ അൽ അലി, ദുബായ് ഹോൾഡിങ് ചീഫ് മാർക്കറ്റിങ് ഓഫിസർ ഹുദാ ബുമൈദ് തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments