Prathikarana Vedhi

വരമ്പത്ത് കൂലിയിലൂടെ വീണ്ടും ചോരക്കറ ഉണങ്ങാത്ത കണ്ണൂര്‍: കൊലപാതങ്ങളും വില്‍പനച്ചരക്കാക്കുന്ന മാധ്യമ സംസ്കാരം ഈ നാടിന്‍റെ ശാപം

അഞ്ജു പ്രഭീഷ്

പരസ്പരം തലകൊയ്തെറിയാന്‍ മാത്രം കൊലവെറി പൂണ്ട് അങ്കത്തട്ടിലേറിയ ചേകവന്മാരുടെ രക്തത്തില്‍ ചുവന്ന മണ്ണ് വീണ്ടുമിതാ രക്തത്തില്‍ മുങ്ങി ചുവന്നുതുടങ്ങിയിരിക്കുന്നു.ഒരിക്കല്‍കൂടി കോലത്തുനാടും കടത്തനാടും വികലരാഷ്ട്രീയത്തിന്റെ ചതുരംഗക്കളങ്ങളില്‍ പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.രാഷ്ട്രീയകൊലപാതകികളെ സൃഷ്ടിക്കുന്നതില്‍ ഒരു പ്രദേശത്തിന്‍റെ പഴയകാല അങ്കചരിത്രത്തിന്‍റെ പൊടിപ്പും തൊങ്ങലും അലങ്കാരങ്ങളും ചാര്‍ത്തിയ വീരഗാഥകള്‍ സ്വാധീനംചെലുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ മനസ്സില്‍ രാഷ്ട്രീയ അരാജകത്വം പേറുന്ന നെറികെട്ട നേതാക്കള്‍ തന്നെയാണ്.തന്തപറത്തെയ്യത്തില്‍ കെ.പി.രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന പ്രാദേശികമായ അങ്കക്കലിയുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പ്രസക്തമാവുകയാണ്.ഇരുളിന്‍റെ മറവും പകലിന്‍റെ വെളിച്ചവും അങ്കത്തട്ടുകളായപ്പോള്‍,ചുവപ്പും കാവിയും ത്രിവര്‍ണ്ണവും അങ്കക്കലികൊണ്ട് പാറിപറന്നപ്പോള്‍,ആയുധങ്ങള്‍ കൊണ്ട് മാറ്റുരച്ച രണാരവങ്ങളില്‍ പൊലിഞ്ഞുപോയതു എത്രയെത്ര ജീവനുകള്‍.രാഷ്ട്രീയ കൊലപാതകത്തിന്‍റെ ചോരപുരളാത്ത കൊടിക്കൂറ അവകാശപ്പെടാന്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കാണ് കേരളത്തില്‍ കഴിയുക?പാടത്തെ പണിക്കു വരമ്പത്ത് കൂലി കൊടുക്കുമ്പോള്‍ തകര്‍ന്നുതരിപ്പണമാകുന്നത് ജനാധിപത്യവ്യവസ്ഥിതിയും രാഷ്ട്രീയവിശ്വാസങ്ങളുമാണ്.കേന്ദ്രവും കേരളവും ഭരിക്കുന്ന രണ്ടു മുഖ്യമുന്നണികള്‍ പോര്‍വിളി നടത്തികൊണ്ട് പരസ്പരം തലകൊയ്തെറിയാന്‍ വ്യഗ്രതപൂണ്ട് നില്കുമ്പോള്‍ ഈ ഓണക്കാലത്ത് രക്തം കൊണ്ടായിരിക്കുമോ മാവേലിയെ വരവേല്‍ക്കാന്‍ നമ്മള്‍ തയ്യാറെടുക്കുന്നത്?

കൊല കൊടിയ പാതകമായതുകൊണ്ടു തന്നെയാണ് ഒരാളെ കൊല്ലുമ്പോള്‍ അതിനെ കൊലപാതകമെന്നു പറയുന്നത്.കൊല്ലാനുപയോഗിച്ച രീതിയേക്കാള്‍ പൈശാചികം കൊല്ലാന്‍ കരുതികൂട്ടി തീരുമാനിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയാണ്.രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിയുടെ നിറത്തിനു മാറ്റമുണ്ടെങ്കിലും രാഷ്ട്രീയകൊലപാതകങ്ങളിലൂടെ ഒഴുകുന്ന ചോരയ്ക്ക് ഒരൊറ്റ നിറം മാത്രമേയുള്ളൂ.ടി.പിയുടെ വധത്തോടെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് ഒരറുതിവന്നെന്നു കരുതിയിരുന്ന ജനങ്ങള്‍ക്ക്‌ അതിനുശേഷം നടന്ന എണ്ണമറ്റ കൊലപാതകങ്ങളിലൂടെ ഒരു കാര്യം വ്യക്തമായി.അന്തമില്ലാത്ത ദുര്‍വിധി പോലെ കൊലപാതകരാഷ്ട്രീയം നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഈയടുത്തസമയങ്ങളില്‍ ഇവിടെ നടന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ വിരല്‍ചൂണ്ടുന്നതു രാഷ്ട്രീയചെളിക്കുണ്ടില്‍ പുതഞ്ഞുപോയ പ്രത്യയശാസ്ത്രത്തിന്റെയും സംഘശാസ്ത്രത്തിന്‍റെയും അധ:പതനമാണ്.ചുവന്ന കൊടി കൊണ്ട് പുതയ്ക്കാന്‍ ഒരു രക്തസാക്ഷിയെ കൂടി ലഭിച്ചപ്പോള്‍ കാവിക്കൊടിക്കും കിട്ടി ഒരു ബലിദാനിയെ..നാലുവോട്ടിനു വേണ്ടി മനസ്സുകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ശവങ്ങളായി അവര്‍ മാറിയപ്പോള്‍ തുണയറ്റ് ഏകാന്തതയിലേക്ക് വലിച്ചെറിയാന്‍ വിധിക്കപ്പെട്ടവര്‍ അവരുടെ കുടുംബങ്ങള്‍ മാത്രം.

ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാനാണ് രാഷ്ട്രീയവും ജനാധിപത്യവും രൂപമെടുത്തത്.എന്നാല്‍ രാജ്യതാല്‍പര്യങ്ങളില്‍ നിന്നും വ്യതിചലിച്ചു കക്ഷിരാഷ്ട്രീയത്തിന്‍റെ നീരാളിപ്പിടുത്തതില്‍ കുടുങ്ങിയനാള്‍ മുതല്‍ രാഷ്ട്രീയത്തിനു അപചയം സംഭവിച്ചുതുടങ്ങി.അതോടെ രാഷ്ടീയം മലീമസമായ ഒരു കുപ്പത്തൊട്ടിയായി പരിണമിച്ചു.സമൂഹതാല്പര്യം വ്യക്തിതാല്പര്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ആശയങ്ങള്‍ കൊണ്ട് പൊരുതിയിരുന്നവര്‍ ആയുധങ്ങള്‍ കൊണ്ട് പൊരുതാന്‍ തുടങ്ങി.തെയ്യത്തിന്‍റെയും തിറയുടെയും നാട്ടില്‍ ചോരക്കുരുതി അന്യമല്ലാതായി.രാഷ്ട്രീയപ്രബുദ്ധര്‍ എന്നു സ്വയം അഹങ്കരിച്ചിരുന്ന നമ്മള്‍ ആ കൊലപാതകങ്ങള്‍ കണ്ടു വിങ്ങിപ്പൊട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചത് നേതാക്കന്‍മാര്‍ മാത്രമായിരുന്നു. തെറ്റായ ആശയങ്ങളെ എതിര്‍ത്തപ്പോള്‍ നല്‍കിയ അമ്പത്തൊന്നു വെട്ടുകളെ കഴുകികളയാന്‍ ഏത് ആശയത്തിനാണ് കഴിയുക?

അതിവൈകാരികതയുടെ ഊതിപ്പെരുപ്പിച്ച അവതരണങ്ങളിലൂടെ മനുഷ്യമനസ്സില്‍ ചാരത്തില്‍ മൂടികിടക്കുന്ന പകയുടെ നെരിപ്പോടിനെ ആളിക്കത്തിക്കുന്ന പ്രവണതയിലൂടെ മാദ്ധ്യമങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകികളെ സൃഷ്ടിക്കുന്നു.കക്ഷിരാഷ്ട്രീയത്തിനതീതമായി അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറുള്ള എത്ര മാധ്യമങ്ങള്‍ ഇവിടുണ്ട്?അവിടെയാണ് നമ്മുടെ മാധ്യമങ്ങളുടെ കപടമുഖം അനാവരണം ചെയ്യപ്പെടുന്നത്.വഴിതെറ്റുന്ന രാഷ്ട്രീയത്തിനെതിരെ സമൂഹത്തെ ജാഗരൂകമാക്കാന്‍ കെല്പുള്ളതാവണം മാദ്ധ്യമസംസ്കാരം.നമ്മുടെ മുഖ്യധാരാമാധ്യമരീതിയില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും തുല്യപ്രാധാന്യം കിട്ടുന്നുണ്ടോ?ചില കൊലകളെ വൈകാരികതീക്ഷ്ണതയോടെ അവതരിക്കുമ്പോള്‍ മറ്റുചിലതിനെ പാടെ അവഗണിച്ചു വില്പനചരക്കാക്കുന്ന രീതി കൊലപാതകരാഷ്ട്രീയത്തേക്കാള്‍ നിന്ദ്യവും നീചവുമാണ്.അക്രമരാഷ്ട്രീയത്തെ നിശിതമായി എതിര്‍ക്കുന്ന സമഗ്രവീക്ഷണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം.
രാഷ്ട്രീയകൊലപാതകം നടത്തുന്ന പാര്‍ട്ടി,അതേതുമാവട്ടെ അതിലെ ഉന്നതനായ നേതാവിനെ പ്രതിയായി ചേര്‍ക്കാന്‍ ഭരണസംവിധാനത്തിനു കഴിഞ്ഞാല്‍ അവിടെ തീരും ഈ അക്രമരാഷ്ട്രീയം.അവരുടെ അറിവോടെയോ അല്ലാതെയോ ആണെങ്കില്‍ കൂടി ഒരു രാഷ്ട്രീയകൊലപാതകം നടന്നാല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ കടപ്പെട്ടവരാണ്.പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവര്‍ പാര്‍ട്ടിയില്‍ അച്ചടക്കം നടത്താന്‍ ബാദ്ധ്യസ്ഥരാണ്.രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ കുറ്റാന്വേഷണം ഉറപ്പുവരുത്തുകയാണ്.അല്ലാതെ കുറ്റാന്വേഷണ ഏജന്‍സികളെ കൂട്ടിലിട്ട തത്തയെ പോലെ അടയ്ക്കുകയല്ല വേണ്ടത്.

പകയും ക്രൂരതയും വര്‍ഗ്ഗശത്രുക്കളെ ഇല്ലായ്മ ചെയ്യലും ചോരയ്ക്ക് ചോരയും അജണ്ടയാക്കുന്ന രാഷ്ട്രീയനീതി അവസാനിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവരണം.രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നത് പാര്‍ട്ടിനയമല്ലായെന്നു അണികളെ ബോധ്യപ്പെടുത്താന്‍ നേതാക്കന്മാര്‍ക്ക് കഴിയണം.അതോടൊപ്പം അക്രമങ്ങളില്‍ പങ്കാളികളായ അണികളെ സംരക്ഷിക്കുന്നതിനു പകരം അവരെ നീതിന്യായവ്യവസ്ഥയ്ക്ക് വിധേയമാക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യണം.അത്രയും ഉയര്‍ന്ന ധാര്‍മികത പുലര്‍ത്താന്‍ കഴിയുന്നവനാണ് നേതാവ് എന്ന പദത്തിന് അര്‍ഹന്‍.അങ്ങനൊരാള്‍ക്കും അയാള്‍ നേതൃത്വം കൊടുക്കുന്ന സംഘടനയ്ക്കും ഭരണഘടനയിലും നീതിന്യായവ്യവസ്ഥിതിയിലും വിശ്വാസം ഉണ്ടായിരിക്കും..

എന്നും അക്രമങ്ങളും കൊലപാതകവും സമ്മാനിച്ചിട്ടുള്ളത് ദുരിതവും നഷ്ടവും കണ്ണീരും മാത്രമാണ്.മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളുടെ കൊലപാതകരാഷ്ട്രീയം സമ്മാനിക്കുന്നത് മാനവികതയുടെ മുഖമൂടിയണിഞ്ഞ് ജനാധിപത്യത്തിന്‍റെ വേരുകള്‍ തോണ്ടാന്‍ പിറവിയെടുക്കുന്ന വിധ്വംസക പ്രസ്ഥാനങ്ങളെയും വര്‍ഗ്ഗീയശക്തികളെയുമാണ്.ഇത്തരം അക്രമരാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ പലപ്പോഴും ജനങ്ങള്‍ കൂട്ടുപിടിക്കുക അരാഷ്ട്രീയവാദത്തെയാവും.കൊടിയുടെ നിറം നോക്കാതെ മാനവികതയെ കൂട്ടുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അശാന്തിയുടെ വിഷവിത്തുക്കള്‍ പാകുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ഒരുമിച്ചു പടനയിക്കേണ്ടത് ഇന്നത്തെ യുവത്വമാണ്.കൊല്ലാനും ചാകാനും മത്സരിക്കുന്ന അണികള്‍ ഒന്നോര്‍ക്കുക-പാര്‍ട്ടികള്‍ക്ക് കൊടിക്കൂറ ചുവപ്പിക്കാന്‍ എന്നും വേണ്ടത് നിങ്ങളുടെ രക്തം മാത്രമാണ്,അല്ലാതെ നിങ്ങളുടെ ആത്മാവിനെയല്ല.നേതാക്കള്‍ക്ക് കൊടി കൊണ്ട് പുതപ്പിക്കാന്‍ വേണ്ടത് ഒരു ശവം മാത്രമാണ്.അല്ലാതെ നിങ്ങളുടെ ഹൃദയമല്ല.അതുപോലെ തന്നെ പലപ്പോഴും അക്രമികള്‍ എതിര്‍ചേരിയില്‍ ഉള്ള പാര്‍ട്ടിയിലെ അണികളെ മാത്രമല്ല അവരുടെ അമ്മമാരെയും സഹോദരിമാരെയും വരെ ആക്രമിക്കാന്‍ മുതിരുന്നു.ഇത്തരക്കാരോട് ഒരുവാക്ക്-കൊടിയുടെ മാനം കാക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് വില കൊടുക്കേണ്ടിവരുന്നത്‌ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ അമ്മ പെങ്ങന്മാരുടെ മാനമാണ്.അല്ലാതെ നിങ്ങള്‍ ചോരയും നീരും നല്‍കി സേവിക്കുന്ന പ്രസ്ഥാനത്തിലെ നേതാക്കളുടെ കുടുംബത്തിലെ പെണ്ണുങ്ങളുടെ അല്ല.ഇനിയെങ്കിലും അങ്കത്തട്ടില്‍ നിങ്ങളെ അണിനിരത്തി ചാവേറുകളാക്കി മാറ്റി സ്വന്തം നേതൃസ്ഥാനം സുരക്ഷിതമാക്കുന്ന ചെന്നായകളെ നിങ്ങള്‍ തിരിച്ചറിയുക. ഇത്തരം മനുഷ്യമൃഗങ്ങളോട് നമുക്ക് ഒരുമിച്ചു വിളിച്ചു പറയാം-മാനിഷാദ….

shortlink

Related Articles

Post Your Comments

Related Articles


Back to top button