IndiaNews

രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയ 11 സിമന്റു കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ

ന്യൂഡൽഹി:രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയ 11 സിമന്റു കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപ പിഴ.വിപണി കള്ളക്കളികളുടെ പേരില്‍ 6,714 കോടി രൂപ പിഴ ചുമത്തി. വിപണിയില്‍ ഒത്തുകളി നടത്തി, രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയതിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) യുടേതാണ് നടപടി.ആസൂത്രിതമായി, വില നിര്‍ണ്ണയിക്കുന്നതിന് കമ്പനികളും അസോസിയേഷനും ഒന്നിച്ചുവെന്നാണ് സിസിഐയുടെ കണ്ടെത്തല്‍.

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ), സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് വിപണിയിടപാടുകള്‍ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും മത്സരാടിസ്ഥാനത്തില്‍ വില്‍ക്കല്‍-വാങ്ങല്‍ നടത്താനാകുന്നുവെന്ന് ഉറപ്പാക്കുകയാണ് ധര്‍മ്മം. ഈ നടപടി ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു, നിര്‍മ്മാണ മേഖലക്ക് തടസ്സമായി, അടിസ്ഥാന സൗകര്യ വികസനത്തെ പിന്നോട്ടടിച്ചു, രാജ്യത്തിന്റെ വികസനത്തിനു പ്രതികൂലമായി എന്നാണു സിസിഐയുടെ ഉത്തരവിൽ പറയുന്നത്.

പിഴയിട്ട സിമന്റു കമ്പനികൾ ഇവയാണ്.എസിസി – 1148 കോടി,അംബുജാ – 1164 കോടി,അള്‍ട്രാ ടെക് – 1175 കോടി,ജെയ് പ്രകാശ് അസോസിയേറ്റ്‌സ് – 1,324 കോടി,ബിനാനി സിമന്റ്‌സ് – 167 കോടി,സെഞ്ചുറി – 274 കോടി,ഇന്ത്യാ സിമന്റ്- 187 കോടി,ജെ കെ – 129 കോടി,ലഫാര്‍ജ് – 490 കോടി,രാംകോ – 259 കോടി,ശ്രീ സിമന്റ്- 397.51 കോടി, സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍- 73 കോടി രൂപ. വിപണിയില്‍ നടത്തിയ കള്ളക്കളികള്‍ക്കെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ 2012ല്‍ 10 കമ്പനികള്‍ക്ക് 6,317 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.

കമ്പനികള്‍ കോമ്പറ്റീഷന്‍ അപ്പലറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ പോയി. സിസിഐയോട് ട്രൈബ്യൂണല്‍ പുനഃപ്പരിശോധന ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പുതിയ വിധി. ഇതില്‍ ശ്രീ സിമന്റ്‌സ് എന്ന കമ്പനിയെക്കൂടി ഉള്‍പ്പെടുത്തി, അവര്‍ക്ക് 397 കോടി പിഴ ചുമത്തി.

ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പരാതിക്കാര്‍. സിമന്റ് ഉത്പാദകരുടെ സംഘടന എന്ന പൊതുവേദി ഉപയോഗിച്ച്, സിമന്റ് വില, ഉത്പാദനം, കമ്പനികളുടെ ശേഷി, വിതരണ സമയം തുടങ്ങിയ കാര്യങ്ങളില്‍ വിവരം പങ്കുവെച്ച് വിപണി നിയന്ത്രിച്ചുവെന്ന് കേസ് പരിഗണിക്കവേ, സര്‍ക്കാരും കമ്മീഷനെ അറിയിച്ചു.

shortlink

Post Your Comments


Back to top button