ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക് ഐ എം ജി വേൾഡ്‌സ് ഓഫ് അഡ്വഞ്ചർ തുറന്നു.ഇന്നു മധ്യപൂർവദേശത്തെ ഏറ്റവും വലിയ ദുബായ് അക്വാ പാർക്ക് തുറക്കും. 77 മീറ്റർ നീളവും 33 മീറ്റർ വീതിയുമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ അക്വാ പാർക്കിന്. ഒരേസമയം 500 പേർക്കു ജുമൈറ ബീച്ച് റസിഡൻസിയിൽ ഓളപ്പരപ്പിലെ ഈ സ്വപ്‌നലോകത്ത് കയറാം. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണു പ്രവേശനം. 15 ലക്ഷം ചതുരശ്ര അടിയിൽ ഗ്ലോബൽ വില്ലേജിനു സമീപമുള്ള ഐഎംജി വേൾഡ്‌സ് ഓഫ് അഡ്വഞ്ചർ വ്യാപിച്ചുകിടക്കുന്നു.
370 കോടി ദിർഹം ചെലവിൽ നിർമിച്ച പാർക്കിന്റെ ഉദ്‌ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം നിർവഹിച്ചു. ചടങ്ങിൽ ദുബായ് കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം, ദുബായ് ഉപഭരണാധികാരി ഷെയ്‌ഖ് മക്‌തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടങ്ങിയവർ പങ്കെടുത്തു.
തീംപാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത് ദിനോസറുകളും സ്‌പൈഡർമാനും ഉരുക്കുമനുഷ്യനും എണ്ണമറ്റ കാർട്ടൂൺ കൂട്ടുകാരുമാണ്. ശബ്‌ദ – വെളിച്ച വിന്യാസങ്ങളുടെ അകമ്പടിയോടെ അദ്‌ഭുതങ്ങളുടെ മാന്ത്രികലോകവും ഒരുക്കിയിട്ടുണ്ട്. പറന്നു നടക്കാനും ചീറിപ്പായാനും പലതരം വാഹനങ്ങളും റെഡി. 28 ഭക്ഷണശാലകളും 25 റിട്ടെയ്‌ൽ കടകളുമാണുള്ളത്. ഏറ്റവും നൂതന സംവിധാനങ്ങളോടെ മൾട്ടിപ്ലെക്‌സുമുണ്ട്.
3ഡി ദൃശ്യാനുഭവങ്ങളും ആസ്വദിക്കാനാകും. പ്രതിദിനം 30,000 സന്ദർശകരെ ഉൾക്കൊള്ളാനാകും. അക്വാ പാർക്കിൽ ഓളമിടുന്നത് എണ്ണമറ്റ കൗതുകങ്ങൾ. ചാഞ്ചാടുന്ന പാലങ്ങൾ, റാംപുകൾ, കുത്തനെയുള്ള ചെരിവുകൾ, ടവറുകൾ, കളിക്കളങ്ങൾ എന്നിങ്ങനെ ജലപ്പരപ്പിൽ വിസ്‌മയലോകമാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിയുടെ പുതിയ ലോഗോയുടെ മാതൃകയിലൊരുക്കിയ പാർക്ക് ബീച്ചിന്റെ സൗന്ദര്യം കൂട്ടുന്നു.
Post Your Comments