കുന്നംപുറം: മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ വിസമ്മതിച്ചു.ആംബുലന്‍സ് ഉടമകള്‍ തൂങ്ങി മരിച്ച ബംഗാളി സ്വദേശിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തയാറായില്ലെന്നു പരാതി. കഴിഞ്ഞദിവസം കുന്നംകുളം നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് പരിസരത്തെ ശൗചാലയകെട്ടിടത്തില്‍ തൂങ്ങിമരിച്ച ബംഗാളി യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്കു കൊണ്ടുപോകാന്‍ വിളിച്ചപ്പോഴാണ് കുന്നംകുളത്തുള്ള ആംബുലന്‍സുകാര്‍ വിസമ്മതം പ്രകടിപ്പിച്ചത്.
ആംബുലന്‍സ് ലഭിക്കാത്തതുകൊണ്ട് ആശുപത്രിയിലേക്ക് മകനെ അച്ഛന്‍ ചുമന്നു കൊണ്ടു പോയതും ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് ചുമന്നു കൊണ്ടുപോയതും ഉത്തരേന്ത്യന്‍ മാതൃകയാണെങ്കില്‍ ഈ മാതൃക പിന്തുടരുകയാണ് കുന്നംകുളത്തെ ആംബുലന്‍സുകളെന്ന് പരാതി ഉയര്‍ന്നു. രണ്ടുദിവസം പഴക്കമുള്ളതിനാലും ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമായതിനാലും കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ആംബുലൻസ് ഉടമകൾ അറിയിച്ചു.
വിവിധ സന്നദ്ധ സംഘടനകളുടെ പേരില്‍ പത്തോളം ആംബുലന്‍സുകൾ കുന്നംകുളത്തുണ്ട്. യാതൊരു പാര്‍ക്കിങ് ഫീസും നല്‍കാതെ നഗരസഭവക സ്ഥലത്താണ് ഇവ കിടക്കുന്നത്.ഒരു സംഘടനയുടെ ആംബുലന്‍സ് ബംഗാളി തൊഴിലാളി തൂങ്ങിമരിച്ച ബസ് സ്റ്റാന്‍ഡ് സ്ഥലത്തും പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇവരെയൊക്കെ മൃതദേഹം കൊണ്ടുപോകാന്‍ വിളിച്ചതായി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജിയും കൗണ്‍സിലര്‍ ശ്രീജിത്തും പറഞ്ഞു. എന്നാല്‍ ആരും തയാറായില്ല. പോലീസ് വിളിച്ചപ്പോള്‍ തങ്ങള്‍ സ്ഥലത്തില്ലെന്നായിരുന്നു ഡ്രൈവര്‍മാരുടെ മറുപടി. ഒടുവില്‍ അഞ്ഞൂരില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം കൊണ്ടുപോയത്. കൗണ്‍സിലര്‍മാരും പോലീസും ആവശ്യപ്പെട്ടിട്ടും വിട്ടുതരാത്ത ആംബുലന്‍സുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആര്‍.ടി.ഒയോട് ആവശ്യപ്പെടുമെന്നു നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments