NewsInternational

അവഗണനയിലും അവശതയിലും കഷ്ടപ്പെടുന്ന വിഖ്യാത നര്‍ത്തകിയ്ക്ക് സുഷമ സ്വരാജിന്റെ സഹായ ഹസ്തം

ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായിരുന്നു താരാ ബാലഗോപാലെന്ന വിഖ്യാത നര്‍ത്തകി. ഒരു കാലത്ത് നൃത്ത ലോകത്തെ വിസ്മയിപ്പിച്ച കലാകാരി ഇന്ന് അവഗണനയിലും അവശതയിലും വാര്‍ദ്ധക്യ കാല രോഗങ്ങളോടും ദാരിദ്ര്യത്തോടും പൊരുതുകയാണ്. തകര്‍ന്ന് വീഴാറായ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ വീട്ടില്‍ ഒറ്റക്കാണ് താരാ ബാലഗോപാലിന്റെ ജീവിതം.  ഒറ്റ മുറിയില്‍ ഭാണ്ഡകെട്ടുകള്‍ക്കും ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ 80 വയസുകാരിയുടെ ജീവിതം പല തവണ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഒരിക്കല്‍ ഇന്ത്യ സ്റ്റാമ്പുകള്‍ വരെ പുറത്തിറക്കിയ മുഖം അധികൃതരും അവഗണിച്ചു. ദാരിദ്രത്തില്‍ പെടാപ്പാട് പെടുമ്പോള്‍ അവകാശപ്പെട്ട പെന്‍ഷന്‍ പോലും ജോലി ചെയ്തിരുന്ന സര്‍വ്വകലാശാല നിഷേധിച്ചു.
കാലങ്ങളായി അവഗണിക്കപ്പെട്ട താരാ ബാലഗോപാലിന് ഇപ്പോള്‍ സഹായഹസ്തം നീട്ടുകയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുകയും പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ രീതികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു ട്വീറ്റര്‍ ഉപയോക്താവ് വാര്‍ത്ത ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയായിരുന്നു.

സച്ചിന്‍ ശ്രീവാസത്വയുടെ ശ്രമം വിഫലമായില്ല. ഉടനെത്തി സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റ്. ഉടന്‍ തന്നെ താര ബാലഗോപാലുമായി ബന്ധപ്പെടുകയും ആവശ്യ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇതെന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയെന്ന് 28ാം തീയ്യതി ഉച്ചയോടെ മന്ത്രി ട്വീറ്റ് ചെയ്തു.

അവിടെ വിഷയം ഉപേക്ഷിക്കാതെ വൈകിട്ട് 6.30യോടെ സുഷമ സ്വരാജിന്റെ അടുത്ത ട്വീറ്റെത്തി. ഞാന്‍ ശ്രീമതി താര ബാലഗോപാലുമായി സംസാരിച്ചു. കാര്യങ്ങളെല്ലാം മനസിലാക്കി. നമ്മള്‍ ഉറപ്പായും അവരെ സഹായിക്കും.

shortlink

Post Your Comments


Back to top button