![](/wp-content/uploads/2016/08/us-india.jpg)
ന്യൂഡല്‍ഹി: പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും അമേരിക്കയും പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സഹകരണ കരാറിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഒപ്പുവച്ചത്. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത പരിശീലനം നടത്തുന്നതിനും ധാരണയായിട്ടുണ്ട്.
ഇരു രാജ്യങ്ങളുടേയും സൈനിക താവളങ്ങള്‍ അറ്റകുറ്റപ്പണിക്കും ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രായോഗികമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കരാര്‍ വഴി വയ്ക്കുമെന്ന് മനോഹര്‍ പരീക്കറും കാര്‍ട്ടറും പറഞ്ഞു.
സൈനികത്താവളങ്ങള്‍ ഉയോഗിക്കുന്നതിന് ഒരു ചട്ടക്കൂട് ഉണ്ടാവും. പ്രതിരോധ സാങ്കേതിക വിദ്യയിലും വ്യാപാര സഹകരണത്തിലും നൂതനമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കും. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയുമായുള്ള പ്രതിരോധ വ്യാപാരവും സാങ്കേതികവിദ്യ പങ്കുവയ്ക്കലും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളുടേതിന് സമാനമാക്കുമെന്നും ഇരു നേതാക്കളും സംയുക്ത വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഉഭയ താല്പര്യത്തിന്റെ അടിസ്ഥാനത്തിലും ആഗോള സുരക്ഷയുടേയും സമാധാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം നിലനില്‍ക്കുകയെന്നും പ്രസ്താവനയില്‍ പറയുന്നു. ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണത്തിന്റേയും തന്ത്രപ്രധാന പങ്കാളിത്തത്തിന്റേയും പുരോഗതിയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വിഷയമായി.
Post Your Comments