Kerala

ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ വ്യാപകം

തൊടുപുഴ : പീരുമേട്, ഏലപ്പാറ, കുമളി മേഖലകളില്‍ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. തൊടുപുഴ മേഖലയില്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പു കള്ളനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറിന്റെയും നൂറിന്റെയും വ്യാജനോട്ടുകള്‍ ലഭിക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. സംഭവത്തെക്കുറിച്ചു പൊലീസില്‍ അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ആരോപണമുണ്ട്.

നൂറിന്റെ വ്യാജനോട്ടുകളാണ് മേഖലയില്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണു മേഖലകളിലേക്കു വ്യാജനോട്ടുകള്‍ കൂടുതലായി എത്തുന്നതെന്നാണു വിവരം. കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന പ്രതിയെ കള്ളനോട്ടുകളുമായി കഴിഞ്ഞ ദിവസം പുളിയന്‍മലയില്‍ പൊലീസ് പിടികൂടിയിരുന്നു. പുറ്റടി കടിയന്‍കുന്നില്‍ കെ.കെ.രവീന്ദ്രന്‍ (56) ആണു പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 100 രൂപയുടെ 40 കള്ളനോട്ടുകളും കണ്ടെത്തി.

പത്തിന്റെയും അന്‍പതിന്റെയും നോട്ടുകളിലും വ്യാജന്മാരുണ്ട്. മുന്‍പു നെടുങ്കണ്ടം മേഖലയില്‍ യാത്രക്കാരുടെ പക്കല്‍ നിന്നു 100 രൂപയില്‍ താഴെയുള്ള നോട്ടുകളുടെ കള്ളനോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നു ചില ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ പൂപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല മേഖലകളില്‍ തമിഴ്‌നാട്ടില്‍ നിന്നു കള്ളനോട്ടുകള്‍ ഇപ്പോഴും എത്തുന്നതായാണ് സൂചന. ജില്ലയിലെ നാലു ബാങ്കുകളില്‍ കഴിഞ്ഞ വര്‍ഷം പണമിടപാടിനിടെ ലഭിച്ച നോട്ടുകളില്‍ 22 എണ്ണം കള്ളനോട്ടുകളാണെന്നു കണ്ടെത്തി. ഈ വിവരം ബാങ്കധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഇതേക്കുറിച്ച് ബാങ്ക് അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്. കള്ളനോട്ടു നിര്‍മിക്കാനുള്ള തയാറെടുപ്പിനിടെ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മുന്‍പു നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

കളര്‍ പ്രിന്റര്‍ ഉപയോഗിച്ച് കള്ളനോട്ട് നിര്‍മിച്ചിരുന്ന രണ്ടു പേര്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുമായി നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായതു കഴിഞ്ഞ മാസമാണ്. പൊന്നാമല കുന്നുംപുറത്ത് ശ്രീനിവാസന്‍ (51), മുനിയറ കല്ലിടുക്കില്‍ വിനോദ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 500 രൂപയുടെ എട്ടു കള്ളനോട്ടുകളും കളര്‍ പ്രിന്ററും മഷിയും നാടന്‍ തോക്കും കണ്ടെടുത്തിരുന്നു. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള നോട്ടുകള്‍ ലഭിക്കുന്നവരില്‍ ഭൂരിഭാഗം പേരും ബാങ്കുകളില്‍ എത്തുമ്പോഴാണ് തനിക്കു ലഭിച്ചതു കള്ളനോട്ടാണെന്നു തിരിച്ചറിയുന്നത്. കള്ളനോട്ട് കൈവശമിരുന്ന് പിടിക്കപ്പെട്ടാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഭയന്ന് നോട്ടുകള്‍ ആരും അറിയാതെ നശിപ്പിച്ചുകളയുകയാണു മിക്കവരും ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button