മലപ്പുറം : നിലമ്പൂരില്‍ സിപിഎം നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി രംഗത്ത്. നിലമ്പൂരിലെ തങ്ങളുടെ റബ്ബര്‍ എസ്റ്റേറ്റ് എംഎല്‍എയും ഗുണ്ടകളും ചേര്‍ന്ന് കയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ജയ മുരുകേഷ് ആരോപിക്കുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ജയ പറഞ്ഞു.
പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ 200 ഏക്കറോളം വരുന്ന റീഗള്‍ എസ്‌റ്റേറ്റ് പി.വി അന്‍വര്‍ എംഎല്‍എയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് ഇവരുടെ ആരോപണം. എസ്റ്റേറ്റില്‍ കേസില്‍ കിടക്കുന്ന 20 ഏക്കര്‍ എംഎല്‍എ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞ് പി വി അന്‍വറിന്റെ സഹായികളായ ഫൈസല്‍, സിദ്ദിക്ക് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര്‍ റീഗള്‍ എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി ഓഫീസ് കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവര്‍ പറയുന്നു. എംഎല്‍എ എസ്റ്റേറ്റ് മാനേജര്‍ അനീഷിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് താന്‍ സ്ഥലം എംഎല്‍എയാണെന്നും സ്ഥലം വാങ്ങിയതായും തന്റെ ആള്‍ക്കാര്‍ വരുമ്പോള്‍ സഹകരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും അനുഭിവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എംഎല്‍എയും സംഘവും എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെ വെല്ലുവിളിച്ച് എംഎല്‍എ പിവി അന്‍വറിന്റെ അനുയായികള്‍ എസ്റ്റേറ്റില്‍ കടന്നു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി യുവതി പറയുന്നു.
Post Your Comments